നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി ബിജെപി കേന്ദ്ര നേതൃത്വം. തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏതൊക്കെ ഘടകങ്ങള്‍ തിരിച്ചടിയായെന്ന് വിശദീകരിച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. വാശിയേറിയ പോരാട്ടത്തില്‍ സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെട്ടതും ഉറച്ച മണ്ഡലങ്ങള്‍ എന്നു കരുതിയവയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയും കേന്ദ്ര നേതൃത്വത്തെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്‍ പക്ഷം മറുപടി നല്‍കേണ്ടി വരും.