ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ബംഗളുരു കോര്‍പ്പറേഷനില്‍ ഭരണം നേടാന്‍ കോണ്‍ഗ്രസിന്റെ കരുനീക്കം

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2015 (14:38 IST)
ബംഗളൂരു കോര്‍പ്പറെഷന്റെ ഭരണം ബിജെപിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുമെന്ന് സൂചന. കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷ്ഹിയായ ബിജെപിക്ക് ഭരനം നേടാന്‍ മൂന്ന് സീറ്റിന്റെ കുറവാണുള്ളത്. അതിനിടെ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് മൂന്നാമതെത്തിയ ജെഡി‌എസും തമ്മില്‍ കൈകോര്‍ക്കാനൊരുങ്ങുന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്.

നൂറ്റിതൊണ്ണൂറ്റിയെട്ട് വാര്‍ഡുകളുള്ള ബിബിഎംപിയില്‍ 100 വാര്‍ഡാണ് ബിജെപി പിടിച്ചത്. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരിക്കാന്‍ 103 സീറ്റ് വേണം. ഏഴ് സ്വതന്ത്രര്‍ ജയിച്ചതിനാല്‍ അവരുടെ പിന്തുണ കൂടി ഉറപ്പാക്കി കോര്‍പ്പറേഷന്‍ ഭരിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. അതിനിടെയാണ് 76 സീറ്റുള്ള കോണ്‍ഗ്രസും 14 സീറ്റുള്ള ജെഡിഎസും ചര്‍ച്ചകള്‍ തുടങ്ങിയത്. ഈ കൂട്ടത്തില്‍ അവര്‍ സ്വതന്ത്രരേയും കൂട്ടാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.

ഇതിനിടെ തെരഞ്ഞെടുപ്പില്‍ ജയിച്ച ആറ് സ്വതന്ത്രരെ കോണ്‍ഗ്രസ് ആലപ്പുഴയിലേക്ക് കടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആറു കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് തട്ടിക്കൊണ്ടുപോയെന്നാണ് ബിജെപിയുടെ പരാതി. കോണ്‍ഗ്രസ് കൗണ്‍സിലറായ സത്യനാരായണ ആറ് സ്വതന്ത്രന്മാരേയും കൊണ്ട് ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേര്‍ ബിജെപിയോട് 10 കോടി ആവശ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പുകളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.