ബിജെപി പഠിക്കാനൊരുങ്ങുന്നു; സബ്‌ജക്ട് 'ഒളികാമറയും മര്യാദയും'

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (15:08 IST)
ഒളികാമറ ഓപറേഷന്‍ വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ വെല്ലുവുളിയെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനായി എംപിമാര്‍ക്കും പാര്‍ലമെന്‍്റംഗങ്ങളുടെ സെക്രട്ടറിമാര്‍ക്കും അസിസ്സ്റ്റന്‍റുമാര്‍ക്കും പ്രത്യേക ക്ളാസ് നടത്തും. ആര്‍എസ്എസ് ആണ് നേതാക്കള്‍ക്ക് പരിശീലന പരിപാടിയൊരുക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം, ഓഫീസ് മര്യാദകള്‍, രേഖകള്‍ തയാറാക്കല്‍, ഗവേഷണം എന്നിവയായിരിക്കും ക്ളാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചരിത്രവും നയങ്ങളും ക്ളാസില്‍ പഠിപ്പിക്കും. ഇതില്‍ ഒളികാമറ ഓപറേഷനെ എങ്ങനെ കരുതിയിരിക്കണമെന്നും, എങ്ങനെ ഇതിനെ മനസിലാക്കണമെന്നുമാണ് പ്രധാനമായും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എംപിമാരെ സന്ദര്‍ശിക്കാനത്തെുന്നവരുടെ പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ഒളികാമറ ഓപറേഷന് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് എങ്ങനെ ജാഗരൂകരായിരിക്കാനും പരിശീലനം നല്‍കും.

നൂറോളം പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. രംഭൗ മഹ്ലഗി പ്രബോധിനിയിലാണ് കോഴ്സ് നടക്കുന്നത്. ഓരോരുത്തര്‍ക്കും പരിശീലനത്തിനായി 5000 രൂപയാണ് ഈടാക്കുന്നത്.