പശ്ചിമ മിസോറമില്‍ പതിനൊന്ന് ഗ്രാമീണരെ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയി. ഇവരെ ബംഗ്ളാദേശിലെ കാടുകളിലേക്കാണ് കൊണ്ടുപോയതെന്ന് മിസോറം പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്ത്രീകളടക്കം 19 പേരുമായി യാത്ര ചെയ്തിരുന്ന ട്രക്ക് തീവ്രവാദികള്‍ തടയുകയായിരുന്നു. രാജീവ് നഗര്‍ പട്ടണത്തിനും സോസംപുരി ഗ്രാമത്തിനും ഇടയ്ക്ക് വെച്ചാണ് തീവ്രവാദികള്‍ വാഹനം തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പോകാന്‍ അനുവദിച്ച തീവ്രവാദികള്‍ ബാക്കിയുള്ള 15 പേരുമായി കാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ഇവരില്‍ നാലുപേരെ കൂടി വിട്ടയ്ക്കുകയും ചെയ്തു.
കാണാതായവരെ കുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവര്‍ ത്രിപുരയില്‍ നിന്നും ആഴ്ചച്ചന്തക്കായി രാജീവ് നഗറിലേക്ക് വന്നവരായിരിക്കാം എന്നും നിഗമനങ്ങള്‍ ഉണ്ട്. നേരത്തെയും ഇവിടെ നിന്ന് ജനങ്ങളെ കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.