ബംഗളൂരു അപകടം: മരണം 12 ആയി

വെള്ളി, 13 ഫെബ്രുവരി 2015 (12:25 IST)
ബംഗളുരു- കൊച്ചി ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ച ഏഴുപേരുടെ മൃതദേഹം പുറത്തെടുത്തതായും അദ്ദേഹം പറഞ്ഞു. 
ആസ്പത്രികളില്‍ ഏഴ് മൃതദേഹങ്ങള്‍ എത്തിയതായി കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരില്‍ കേരളത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ബോഗിക്കുള്ളില്‍ കുരുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
 
മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളെന്ന് സ്ഥിരീകരണം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം സ്വദേശി ഇട്ടിയറ ആന്റണി (57), തൃശ്ശൂര്‍ സ്വദേശി അമല്‍ (9) എന്നിവരാണ് അവര്‍. മരണസംഖ്യ ഉയരാനാണ് സാധ്യത. ഇന്നുരാവിലെ 7.45നായിരുന്നു അപകടം. അതേസമയം മരിച്ചത് എട്ടൂപേരാണെന്നാണ് റയില്‍‌വേ പറയുന്നത്. എന്നാല്‍ 15 പേര്‍വരെ മരിച്ചിരിക്കാന്‍ സാധ്യത്യുണ്ട് എന്ന് റെയില്‍‌വേ തന്നെ പറയുന്നുണ്ട്. 
 
ഹൊസ്സൂരിനും ആനയ്ക്കലിനുമിടയില്‍ വിജനമായൊരു സ്ഥലത്താണ് ദുരന്തമുണ്ടായത്. വലിയശബ്ദത്തോടെ ബോഗികള്‍ കൂട്ടിയിടിച്ചുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആറു ബോഗികളുടെ പാളം തെറ്റി. ഒരുബോഗി (ഡി-8) പൂര്‍ണ്ണമായും തകര്‍ന്നു. ഈ ബോഗിയിലെ അറുപതിലധികം യാത്രക്കാര്‍ മലയാളികളാണ്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകടസ്ഥലത്തേക്ക് തിരിച്ചു. എട്ട് പേര്‍ മരിച്ചതായി സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി അറിയിച്ചു.
 
മറ്റുബോഗികളിലെ യാത്രക്കാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. യാത്രക്കാരെ ബോഗി വെട്ടിപ്പൊളിച്ചു പുറത്തെടുക്കുന്നു. പലരുടെയും പരിക്ക് ഗുരുതരം. രാവിലെ 6.15 ന് ബെംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച ട്രെയിനാണ് അപകടത്തില്‍പെട്ടത്. അതേസമയം മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ ട്രയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി കര്‍ണ്ണടക പൊലീസ് അറിയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക