ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ ബംഗളൂരുവില്‍

Webdunia
ശനി, 30 ഏപ്രില്‍ 2016 (10:32 IST)
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ മെട്രോ പാതയിലൂടെ ബെംഗളൂരു നമ്മ മെട്രോ ഓടി തുടങ്ങി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്ര ഗ്രാമ വികസനവകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവും ചേര്‍ന്ന് ഇന്നലെയാണ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ 33 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്.
 
റെയില്‍വെ സ്റ്റേഷനും, ബസ് സ്റ്റാന്‍ഡുമുള്ള മജസ്റ്റിക്, ഭരണസിരാകേന്ദ്രമായ വിധാന്‍ സൗധ, കബണ്‍ പാര്‍ക്ക്, എം ജി റോഡ് എന്നീ പ്രധാന പാതയിലൂടെ മെട്രോ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ പൊതുഗതാഗത സംവിധാനത്തിന് വലിയൊരു മാറ്റമുണ്ടാകും. നിലവില്‍ സര്‍വ്വീസ് നടത്തുന്ന സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കാനായത് വഴി നാല്‍പ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേയ്ക്ക് മെട്രോ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കണക്ക് കൂട്ടല്‍.
 
രണ്ടാം ഘട്ട നിര്‍മാണത്തിനായി 26,405 കോടി രൂപ ചെലവ് വരുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2020ഓടെ രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം ഘട്ടത്തിന്റെ സര്‍വേ നടന്നുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി ഭൂഗര്‍ഭ മെട്രോ ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article