നരസിംഹറാവുവിന്റെ ഏറ്റവും വലിയ പരാജയമാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് പ്രണബ് മുഖര്‍ജി

Webdunia
വ്യാഴം, 28 ജനുവരി 2016 (11:53 IST)
അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയാന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രി എന്ന നിലയില്‍ പി വി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തന്റെ ആത്മകഥയായ ദി ടര്‍ബുലന്റ് ഇയേഴ്‌സ്: 1980-96ന്റെ രണ്ടാം ഭാഗത്തിലാണ് പ്രണബിന്റെ ഈ കുറ്റപ്പെടുത്തല്‍.

മന്ദിരം തകര്‍ത്തത്  ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ വികാരത്തെ എത്രമാത്രം വ്രണപ്പെടുത്തിയിട്ടുണ്ടെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തലതാഴ്‌ത്തേണ്ട സംഭവമായിമാറി ബാബ്‌റി മസ്ജിദ് തകര്‍ത്തത്. സഹിഷ്ണുതയുള്ള എല്ലാ ആചാരങ്ങളേയും അംഗീകരിക്കുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായതന്നെ തകര്‍ത്തതായിരുന്നു ആ സംഭവം. സംഘര്‍ഷം നിലനില്‍ക്കുന്ന ജറുസലേമില്‍ പോലും ഒരു മുസ്‌ലിം പള്ളിക്ക് നേരെ ഇത്തരത്തില്‍ ഒരു ആക്രമണം നടക്കില്ല എന്നായിരുന്നു ഇതേക്കുറിച്ച് ഒരു ഇസ്ലാമിക രാജ്യത്തെ വിദേശകാര്യ മന്ത്രി പോലും പറഞ്ഞത്.

'1992 ഡിസംബര്‍ ആറിനു താ‍ന്‍ മുംബൈയിലായിരുന്നു. ആസൂത്രണ കമ്മീഷനില്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയറാം രമേശായിരുന്നു ഉച്ചഭക്ഷണസമയത്ത് ടെലിഫോണില്‍ വിളിച്ച് മന്ദിരം തകര്‍ക്കപ്പെട്ടുയെന്ന കാര്യം തന്നോട് പറഞ്ഞത്. തനിക്ക് ആദ്യം ഈ കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെയാണ് മന്ദിരം തകര്‍ക്കപ്പെട്ടതെന്ന് താന്‍ ജയറാം രമേശിനോട്  ചോദിച്ചു. അദ്ദേഹം വിശദമായി കാര്യങ്ങളെല്ലാം വിവരിച്ചു. അന്നുതന്നെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കേണ്ടിയിരുന്ന താന്‍  വിമാനത്താവളം വരെ എത്തിയത് എങ്ങിനെയാണെന്നും' അദ്ദേഹം പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

താന്‍ അന്നത്തെ റാവുമന്ത്രിസഭയില്‍ അംഗമായിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ എന്‍ ഡി തിവാരിയോ, ആഭ്യന്തരമന്ത്രി എസ് ബി ചവാനോ ഇവരില്‍ ആരെയെങ്കിലും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ രംഗരാജന്‍ കുമാരമംഗലം ആത്മാര്‍ഥമായി പരിശ്രമിച്ചു. പക്ഷേ അദ്ദേഹം ചെറുപ്പമായിരുന്നു, അനുഭവപരിചയവും കുറവായിരുന്നു. ഇതേക്കുറിച്ച് താന്‍ റാവുവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നിര്‍ന്നിമേഷനായി നില്‍ക്കുകയാണ് ചെയ്തത്. നിരാശയും സങ്കടവും തനിക്ക് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞു. പൊട്ടിത്തെറിച്ചുള്ള തന്റെ കുറ്റപ്പെടുത്തലുകൊണ്ടാവാം 1993 ജനവരിയില്‍ മന്ത്രിയാകാനുള്ള ക്ഷണം തനിക്ക് അദ്ദേഹത്തില്‍ നിന്ന് വരാനിടയാക്കിയതെന്നും പ്രണബ് വ്യക്തമാക്കി.