ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് തീരക്കളങ്കമായി തീര്‍ന്ന അയോധ്യാ പ്രശ്നവും തുടര്‍ന്നുണ്ടായ വര്‍ഗീയകലാപങ്ങളും ഇന്നും നീറിപ്പുകഞ്ഞുകൊണ്ടിരിക്കെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകാന്‍ പോകുകയാണെന്ന് സൂചനകള്‍. 65 ഓളം വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന അയോധ്യാപ്രശ്‌നത്തിന് ശാശ്വത പരിഹാരമൊരുങ്ങുന്ന രീതിയില്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി കേസുകള്‍ നടത്തുന്ന അഖാര പരിഷത്തും മുസ്ലീം വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
പുതിയ തീരുമാനമനുസരിച്ച് 70 ഏക്കര്‍ വരുന്ന തര്‍ക്കഭൂമിയില്‍ രാമക്ഷേത്രവും മുസ്ലിംപള്ളിയും നിര്‍മ്മിക്കാനാണ് നീക്കം നടക്കുന്നത്. ഈ പ്രശ്‌നത്തില്‍ ദീര്‍ഘകാലമായി മുസ്ലിം വിഭാഗത്തിന് വേണ്ടി വ്യവഹാരം നടത്തുന്ന ഹഷിം അന്‍സാരിയും ഹിന്ദുക്കള്‍ക്ക് വേണ്ടി അഖാര പരിഷത്ത് തലവനായ ഗ്യാന്‍ ദാസും ഹനുമാന്‍ ഗാര്‍ഹിയില്‍ വച്ച് തിങ്കളാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ തര്‍ക്ക പ്രദേശത്ത് പള്ളിപണിയുന്നതോടൊപ്പം പള്ളിയേയും ക്ഷേത്രത്തിനേയും വേര്‍തിരിച്ച് മതില്‍ പണിയാനും ഏകദേശം തീരുമനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒത്തതീര്‍പ്പ് ശ്രമങ്ങളുടെ കരട് തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേസിന്റെ വിചാരണ സുപ്രീംകോടതി പുനരാരംഭിച്ച ശേഷം ഇത് കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും ഗ്യാന്‍ ദാസ് പറഞ്ഞു. പ്രസ്തുത കേസ് സംബന്ധിച്ച വിചാരണ സുപ്രീംകോടതിയില്‍ നടക്കുമ്പോഴും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വിവിധ സംഘടനകളും വ്യക്തികളും ശ്രമിക്കുന്നുമുണ്ട്. ഈ ഒതുതീര്‍പ്പ് ശ്രമത്തെക്കുറിച്ച് തങ്ങള്‍ എല്ലാ ഹിന്ദുമതസ്ഥാപനങ്ങളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ചര്‍ച്ച ചെയ്തുവെന്നും എല്ലാവരും ഇതിനോട് യോജിച്ചുവെന്നുമാണ് ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി തങ്ങള്‍ പ്രധാനമന്ത്രിയെ കാണുമെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ സഹായവും സഹകരണവും തേടുമെന്നും ഗ്യാന്‍ ദാസ് പറഞ്ഞു.
അതേസമയം ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഎച്ച്പിയുടെ നേതാക്കള്‍ക്ക് ഇവിടെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നില്ലെന്നും സാമൂഹ്യ സ്പര്‍ധ വളര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ദാസ് ആരോപിച്ചു. അയോധ്യയിലെ പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത് മാത്രമെ പള്ളി നിര്‍മ്മിക്കാവൂ എന്ന ബിജെപി വിഎച്ച്പി നിലപാടുകളെ തങ്ങള്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിക്ക് വേണ്ടിയല്ല തങ്ങള്‍ നിലകൊള്ളുന്നതെന്നും മറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഗ്യാന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
1950 മുതലാണ് രാമജന്മഭൂമി ബാബറി മസ്ജിദ് പ്രശ്‌നം ഉയര്‍ന്ന് വന്നത്. 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈക്കോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സ്ഥലം രാമജന്മ ഭൂമിയാണെന്ന് അംഗീകരിച്ച കോടതി തര്‍ക്ക പ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗം ഹിന്ദുക്കള്‍ക്കും ബാക്കി ഭാഗം മുസ്ലീംങ്ങള്‍ക്കും വിട്ടുകൊടുക്കാനാണ് ഉത്തരവിട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാതെ ഇരുവിഭാഗങ്ങളും സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു.