ഗവര്‍ണര്‍ - കെജ്‌രിവാള്‍ പോര് വീണ്ടും; ‘ബീഹാർ ഉദ്യോഗസ്ഥരെ നിയമിക്കാൻ തന്റെ അനുവാദം വാങ്ങണം’

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (13:30 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ  പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ സംഘത്തിലേക്ക് ബിഹാർ പൊലീസിനെയും ഉൾപ്പെടുത്താനുള്ള നീക്കത്തിന് തുരങ്കമിട്ട് ലഫ് ഗവ‌ർണർ നജീബ് ജുങ്. ബീഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിണമെങ്കില്‍ തന്റെ അനുവാദം വാങ്ങണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.
 
ഡൽഹിയിലെ അഴിമതി വിരുദ്ധ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും ഗവര്‍ണറിനാണ്. ഡൽഹി പൊലീസിന് പുറമേ ബീഹാറിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച വിവരങ്ങളൊന്നും ലഫ്. ഗവർണറിന്റെ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഡൽഹി ഗവൺമെന്റിന്റെ വിജിലൻല് വകുപ്പിൽ നിന്നും ഔദ്യോഗികമായ നിർദേശം ലഭിക്കുന്നപക്ഷം അത് പരിശോധിക്കുമെന്നും ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 
 
അഴിമതി വിരുദ്ധ നീക്കത്തിനായി ബിഹാർ പൊലീസിൽ നിന്നും ഒരു സൂപ്രണ്ട് ഉൾപ്പെടെ ആറു പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരുമാണ്. അതേസമയം എന്താണ് ഇവരുടെ ചുമതലകൾ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. ഡൽഹിയിലെ അഴിമതി വിരുദ്ധ സംഘത്തിൽ ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥരെ മാത്രമേ ഉൾപ്പെടുത്താവൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിനെ നിഷേധിച്ചാണ് ഡൽഹി സർക്കാരിന്റെ പുതിയ തീരുമാനം.