മലയാളി കരസേന ഉപമേധാവിയായി

Webdunia
ചൊവ്വ, 5 ഓഗസ്റ്റ് 2014 (17:17 IST)
മലയാളികള്‍ക്ക് അഭിമാനമായി കരസേന ഉപമേധാവിയായി മലയാളി ചുമതലയേറ്റു. പന്തളം തുമ്പമണ്‍ സ്വദേശിയായ ലഫ്‌ ജനറല്‍ ഫിലിപ്പ്‌ കംപോസ്‌ ആണ് ഉപമേധാവിയായി ചുമതലയേറ്റത്. പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവിയായിരിക്കേയാണ് ഇദ്ദേഹത്തേ തേടി കരസേനയുടെ ഉപമേധാവി സ്ഥാനമെത്തുന്നത്.

കരസേന ആസ്‌ഥാനത്ത്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ പെഴ്‌സ്പെക്‌ടീവ്‌ പ്ലാനിങ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ ജനറല്‍, സ്‌ട്രാറ്റജിക്ക്‌ ഫോഴ്‌സ് കമാന്‍ഡിന്റെ ചീഫ്‌ സ്‌റ്റാഫ്‌ ഓഫീസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌. ഡല്‍ഹി സെന്റ്‌ സേവ്യേഴ്‌സ് സ്‌കൂള്‍, പൂനെ നാഷ്‌ണല്‍ ഡിഫന്‍സ്‌ അക്കാദമി എന്നിവടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

അതിവിശിഷ്‌ട സേവ മെഡല്‍, വിശിഷ്‌ട സേവാ മെഡല്‍, ഈസ്‌റ്റേണ്‍ ആര്‍മി പുരസ്‌ക്കാരം, രണ്ട്‌ തവണ ചീഫ്‌ ഓഫ്‌ ആര്‍മി പുരസ്‌ക്കാരം എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒമ്പതാം ഗൂര്‍ഖ റെജിമെന്റില്‍ 1974-ലാണ്‌ ഫിലിപ്പ്‌ സൈനിക സേവനം തുടങ്ങിയത്‌. ആലപ്പുഴ തുമ്പോളി പാണാപറമ്പില്‍ പരേതനായ ജോസഫ്‌ ഏണസ്‌റ്റ്-മറിയാമ്മ ദമ്പതികളുടെ മകനാണ്‌.