രാംലീലാ മൈതാനത്തിനും മറ്റ് പൊതു ഇടങ്ങൾക്കും വാജ്പേയിയുടെ പേരിട്ടത് കൊണ്ട് വോട്ട് ലഭിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രിയുടെ പേര് മാറ്റിയാൽ ചിലപ്പോൾ വോട്ട് ലഭിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രിയുടെ പേര് മാറ്റി ബിജെപി ഒന്ന് ശ്രമിച്ച് നോക്കിയാൽ ചിലപ്പോള്‍ കുറച്ച് വോട്ട് ലഭിച്ചേക്കാം. കാരണം നരേന്ദ്രമോദി എന്ന പേര് കേള്‍ക്കുമ്പോഴാണ് ജനങ്ങൾ വോട്ട് ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാംലീലാ മൈതാനത്തിന് അടല്‍ ബിഹാരി വാജ്പേയി മൈതാനമെന് പേര് നല്‍കണമെന്ന നിർദ്ദേശം പരിഗണനയിലാണെന്ന് ഡല്‍ഹി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, മൈതാനത്തിന്റെ പേര് മാറ്റണമെന്നത് പരിഗണനയിൽ ഇല്ലെന്നും ഇത് ആരൊക്കെയോ ചേർന്ന് ഉണ്ടാക്കുന്നതാണെന്നും, രാമനെ ആരാധിക്കുന്നവർ ആയിരിക്കെ മൈതാനത്തിന്റെ പേരായ രാംലീല മാറ്റുന്നത് പരിഗണനയിൽ ഇല്ലെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.