ഇനി ഞാനൊരിക്കലും രാജിവയ്ക്കില്ല: കെജ്രിവാള്‍

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (15:59 IST)
അധികാരത്തിലെത്തിയാല്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഇനി രാജിവയ്ക്കില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍. ധാര്‍മികതയുടെ പേരിലായിരുന്നു രാജി എന്ന ന്യായീകരണം ജനങ്ങള്‍ തള്ളിക്കളയുകയും പാര്‍ട്ടിയുടെ പരീക്ഷണ ശാലയായിരുന്ന ഡല്‍ഹിയില്‍ തന്നെ കനത്ത തിരിച്ചടി ലഭിച്ചതോടെയുമാണ് കെജ്രിവാള്‍ പുതിയ തന്ത്രവുമായി എത്തിയത്.

ഞായറാഴ്ച് ഡല്‍ഹിയില്‍ നടന്ന ആംആദ്മി പാര്‍ട്ടിയുടെ പൊതുപരിപാടിയിലാണ് കെജ്രിവാള്‍ ഇത്തരത്തില്‍ പറഞ്ഞത്. രാജിവച്ചതില്‍ അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഇനിയും ഞാന്‍ രാജിവെച്ച് പോകില്ല എന്നൊരു പ്രഖ്യാപനവും കെജ്രി നടത്തി.

ആദര്‍ശ് നഗറിലെ മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു റാലി. ആപ്പിന്റെ പ്രധാന വോട്ട് ബാങ്കായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കെജ്രിവാള്‍ പ്രസംഗത്തില്‍ പരാമര്‍ശിട്ടു. വൈദ്യതി പ്രതിസന്ധിയും മറ്റും വിഷയമാക്കി കെജ്രിവാളും കൂട്ടരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാതയിലാണ്.

റെയില്‍വേ ചാര്‍ജ് കൂട്ടിയ നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹം എഎപി എം എല്‍ എമാര്‍ ബിജെ പിക്ക് പിന്തുണ നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകളെ  തള്ളിക്കളയുകയും ചെയ്തു.