ഗോവയെ അധിക്ഷേപിച്ച ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാളിനെതിരെ ബി ജെ പി പ്രവർത്തകർ രംഗത്ത്. ഗോവ ലൈംഗികതയ്ക്കും മദ്യത്തിനും മയക്കുമരുന്നിനും പ്രശസ്തിയാർന്ന സ്ഥലമാണെന്നായിരുന്നു അരവിന്ദ് കഴിഞ്ഞ ദിവസം നടന്ന റാലിയിൽ പറഞ്ഞത്. ഇതിനെതിരെയാണ് ഗോവ ബി ജെ പി ഘടകം രംഗത്തെത്തിയിരിക്കുന്നത്.
ഗോവയെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശം അരവിന്ദ് പിൻവലിക്കണമെന്നും പ്രസ്താവന നടത്തിയതിൽ മാപ്പ് പറയണമെന്നുമാണ് ബി ജെ പി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റാലിയിലായിരുന്നു കേജരിവാളിന്റെ വിവാദമായ പരാമർശം.
അതേസമയം, ഗോവയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് വിനയ് തെണ്ടുൽക്കറും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിനായി ഗോവയിൽ കെട്ടിവെച്ച കാശ്പോലും കിട്ടാതെ ആം ആദ്മി പാർട്ടി തകർന്നടിയുമെന്നുമായിരുന്നു വിനയ് മുന്നറിയിപ്പ് നൽകിയത്.