പിറന്നാള്‍മധുരം നല്കി നിയുക്ത മുഖ്യമന്ത്രി; സത്യപ്രതിജ്ഞാചടങ്ങിന് ജനങ്ങള്‍ക്ക് ക്ഷണം; ജാതിമത - കക്ഷിരാഷ്‌ട്രീയ വ്യത്യാസം ഉണ്ടാകില്ല; എല്ലാ ജനങ്ങള്‍ക്കും അവകാശമുള്ള സര്‍ക്കാര്‍ ആയിരിക്കും അധികാരമേല്‍ക്
ബുധനാഴ്ച നടക്കുന്ന നിയുക്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിന് ജാതിമതവ്യത്യാസമോ കക്ഷിരാഷ്‌ട്രീയ വ്യത്യാസമോ ഉണ്ടാകില്ലെന്നും കേരളത്തിന്റേതായ സര്‍ക്കാര്‍ ആയിരിക്കും അധികാരത്തിലെത്തുന്ന സര്‍ക്കാരെന്നും പിണറായി വിജയന്‍ പറഞ്ഞു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുരവുമായാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. എന്തിനാണ് മധുരമെന്ന് അറിയാമോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച നിയുക്തമുഖ്യമന്ത്രി തന്നെ അതിന്റെ പിന്നിലെ രഹസ്യവും വെളിപ്പെടുത്തി. ഇന്ന് തന്റെ ശരിക്കുള്ള പിറന്നാളാണ്. രേഖകള്‍ അനുസരിച്ച് മാര്‍ച്ച് മാസത്തിലാണ് പിറന്നാള്‍. എന്നാല്‍, 1945 മെയ് 24നാണ് താന്‍ ജനിച്ചതെന്നും തന്റെ ശരിക്കുള്ള പിറന്നാള്‍ ആണ് ഇന്നെന്നും മാധ്യമങ്ങളെ അറിയിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.
സത്യപ്രതിജ്ഞാചടങ്ങ് എല്ലാവര്‍ക്കും പങ്കെടുക്കാനാകും നടത്തല്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഒരുക്കിയ സൌകര്യങ്ങളുമായി എല്ലാവരും സഹകരിക്കണം. സ്റ്റേഡിയത്തിനുള്ളില്‍ ഒതുങ്ങുന്നവര്‍ക്ക് മാത്രമേ അകത്ത് പ്രവേശിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് ചടങ്ങ് വീക്ഷിക്കുന്നതിനായി മൂന്നു നാല് കേന്ദ്രങ്ങളില്‍ സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ പുറംതിരിഞ്ഞു നിന്നാല്‍ ജനാധിപത്യ പ്രക്രിയ പൂര്‍ണമാകില്ല. വോട്ടെടുപ്പില്‍ പങ്കെടുത്ത മുഴുവന്‍ പൌരജനങ്ങളെയും രാഷ്‌ട്രീയവേര്‍തിരിവുകള്‍ക്ക് അതീതമായി അഭിവാദ്യം ചെയ്യുകയാണ്. സാംസ്കാരിക കേരളത്തിന്റെ ഒരു പരിച്‌ഛേദം തന്നെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. മുഴുവന്‍ ജനങ്ങളുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജനങ്ങള്‍ക്കും അവകാശമുള്ള സര്‍ക്കാരായിരിക്കും അധികാരമേല്‍ക്കുക. എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കും. ജാതിമതവ്യത്യാസമോ കക്ഷിരാഷ്‌ട്രീയ വ്യത്യാസമോ ഉണ്ടാകില്ല. കേരളത്തിന്റേതായ സര്‍ക്കാര്‍ ആയിരിക്കും അധികാരത്തില്‍ എത്തുക. എല്ലാവര്‍ക്കും മനസ്സില്‍ തൊട്ട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ മന്ത്രിമാരുടെ പട്ടികയുമായി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മില്‍ നിന്ന് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.