തൂത്തുക്കുടി വെടിവെയ്പ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച സ്റ്റാലിൻ കസ്റ്റഡിയിൽ, തമിഴ്നാട്ടിൽ ബന്ദ്

Webdunia
വെള്ളി, 25 മെയ് 2018 (09:58 IST)
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ സെക്രട്ടേറിയറ്റ്‌ മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ച ഡിഎംകെ. വര്‍ക്കിങ്‌ പ്രസിഡന്റ്‌ എം.കെ. സ്‌റ്റാലിനെ പൊലീസ് കസ്റ്റഡിറ്റിൽ എടുത്തു. വെടിവയ്‌പ്പില്‍ പ്രതിഷേധിച്ചു തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു ബന്ദിന്‌ ആഹ്വാനം നല്‍കി.
 
അതേസമയം, നേരത്തെ വെടിവെയ്പ്പിനെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്തെത്തിയിരുന്നു. 13 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത് സ്വാഭാവിക നടപടി മാത്രമാണെന്ന് പളനിസ്വാമി ട്വീറ്റ് ചെയ്തു.
 
വെടിവെയ്പ്പിനെ പിന്തുണച്ച മുഖ്യമന്ത്രിയുടെ രാജിയും പോലീസ്‌ മേധാവി ടി.കെ. രാജേന്ദ്രന്റെ പുറത്താക്കലും ആവശ്യപ്പെട്ടാണ്‌ സ്‌റ്റാലിനും അനുയായികളും സെക്രട്ടേറിയറ്റ്‌ സമുച്ചയമായ സെന്റ്‌ ജോര്‍ജ്‌ കോട്ടയ്‌ക്കു മുന്നില്‍ ധര്‍ണയിരുന്നത്‌. പ്രതിഷേധം ശക്‌തമായതോടെ സ്‌റ്റാലിനെയും മറ്റും അറസ്‌റ്റ്‌ ചെയ്‌തു നീക്കി. 
 
സമരത്തിൽ ആൾക്കാരെ തിരഞ്ഞുപിടിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാകുന്നു.
കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 
   
സാധാരണ ഗതിയില്‍ നിയന്ത്രണാതീതമായ സംഭവികാസങ്ങളുണ്ടായാല്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കും. എന്നാല്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തില്ല. പകരം വാഹനങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന് സമരക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article