ചിറ്റൂരിലെ ഏറ്റുമുട്ടല്‍കൊല വ്യാജമെന്ന് തെളിവുകള്‍

Webdunia
വ്യാഴം, 9 ഏപ്രില്‍ 2015 (08:39 IST)
ആന്ധ്രയിലെ ചിറ്റൂരില്‍ ചൊവ്വാഴ്ച 20 ചന്ദനക്കൊള്ളക്കാരെ വെടിവച്ചുകൊന്ന സംഭവത്തില്‍ ദുരൂഹത പുകയുന്നു. വെടിവെച്ചുകൊന്ന തൊഴിലാളികളെ പൊലീസ് നേരത്തെ പിടികൂടീയതാ‍ണേന്നും അതിനു ശേഷമാണ് അവരെ കാട്ടിനുള്ളില്‍ വെച്ച് വെടിവച്ച് കൊന്നതെന്നുമാണ് പുതിയ വാര്‍ത്തകള്‍. കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ ആന്ധ്രനഗരി ബസ് സ്റ്റാന്‍ഡില്‍നിന്ന് പോലീസ് തിങ്കളാഴ്ച സന്ധ്യയോടെതന്നെ കസ്റ്റഡിയിലെടുത്തതിന്റെ തെളിവുകള്‍ പുറത്തുവന്നതാണ് ആന്ധ്ര പൊലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ബസ്സില്‍നിന്ന് ഏഴുപേരെ പിടികൂടുമ്പോള്‍ പോലീസിന്റെ കണ്ണില്‍പെടാതെ ശേഖര്‍ എന്ന തൊഴിലാളി രക്ഷപ്പെട്ടിരുന്നു. ഇയായളാണ് പുതിയ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. തൊഴിലാളികളെ പൊലീസ് ബസില്‍ നിന്ന് പിടിക്കുമ്പോള്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നതിനാല്‍ ഇയാളെ പൊലീസ് ശ്രദ്ധിച്ചില്ല. അങ്ങനെയാണ് ശേഖര്‍ രക്ഷപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്നവരെ പോലീസ് പിടിച്ച വാര്‍ത്ത ശേഖര്‍ അപ്പോള്‍ത്തന്നെ തൊഴിലാളികളുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.  അറസ്റ്റിന്റെ കാരണമന്വേഷിച്ച് ആന്ധ്രയിലെത്തിയ ബന്ധുക്കളറിയുന്നത് ഏറ്റുമുട്ടല്‍ വാര്‍ത്തയാണ്.

പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതൊടെ ആന്ധ്രപൊലീസിന്റെ വാദമാണ് പൊളിഞ്ഞത്. ചന്ദനകൊള്ളക്കാരെ നേരിടുന്നതിനിടയില്‍ സ്വയരക്ഷയ്ക്കായാണ് വെടിവച്ചത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. മരണത്തിന്റെ കൃത്യമായ വിവരങ്ങള്‍ പോലീസ് പുറത്തുവിടാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍.  സംഭവത്തില്‍ തമിഴ്നാട്ടീലെങ്ങും പ്രതിഷേധമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.