സ്ത്രീകള്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച ആന്ധ്രപ്രദേശ് സ്പീക്കര്‍ കൊടേല ശിവപ്രസാദ് വിവാദത്തില്‍. സ്ത്രീകളെ കാറുകളോടാണ് അദ്ദേഹം ഉപമിച്ചത്. ഒരു കാര്‍ വാങ്ങി വീടിനകത്ത് പാര്‍ക്ക് ചെയ്താല്‍ ആ കാര്‍ സുരക്ഷിതമാണ്. എന്നാല്‍ തിരക്ക് പിടിച്ച വഴികളിലൂടെയോ മാര്‍ക്കറ്റിലൂടെയോ ആ കാറുമായി പോകുകയാണെങ്കില്‍ തീര്‍ച്ചയായും അപകടം ഉണ്ടാകും. കൂടുതല്‍ വേഗത്തിലാണ് കാറ് പോകുന്നതെങ്കില്‍ അപകട സാധ്യത പിന്നെയും ഏറുമെന്നും ഇതുപോലെയാണ് സ്ത്രീകളെന്നുമാണ് ദേശീയ വനിതാ പാര്‍ലമെന്റിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
സ്ത്രീകള്‍ക്കെതിരായ അക്രമണത്തെയും സ്ത്രീശാക്തീകരണത്തെയും കുറിച്ചു സംസാരിക്കുന്ന വേളയിലാണ് സ്വന്തം നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ഈ സിദ്ധാന്തം ടിഡിപി നേതാവ് കൊടേല ശിവപ്രസാദ് അവതരിപ്പിച്ചത്. പണ്ടത്തെ സ്ത്രീകള്‍ വീട്ടമ്മമാരായിരുന്ന കാലത്ത് വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അവര്‍ സുരക്ഷിച്ചതരായിരുന്നു. എന്നാല്‍ ഇന്ന് പല ആവശ്യങ്ങള്‍ക്കായി അവര്‍ക്ക് വീട് വിട്ട് പുറത്തേക്കിറങ്ങേണ്ടി വരുന്ന സ്ഥിയാണുള്ളത് അതുകൊണ്ടു തന്നെ അതിക്രമങ്ങളും, പീഡനങ്ങളും കൂടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.