ബിജെപി കേരളഘടകത്തിന്റെ മേൽനോട്ടം ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നേരിട്ട് വഹിക്കും. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകങ്ങളിലെ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കൂടാതെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരവും പ്രവർത്തന സ്വാതന്ത്രവും നല്‍കുന്ന കാര്യവും തീരുമാനിച്ചു.
കേരളത്തിലെ ബിജെപി കോർ കമ്മിറ്റിയുമായി കൂടി ആലോചിക്കാതെയാണ് കുമ്മനം രാജശേഖരൻ ഏകപക്ഷീയമായി കാര്യങ്ങൾ തിരുമാനിക്കുന്നതെന്ന വിമർശനത്തെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം. മുതിർന്ന ആർഎസ്എസ് പ്രവർത്തകരെ മാത്രം വിശ്വാസത്തിലെടുത്തു കൊണ്ടാണ് കുമ്മനം പല പ്രവർത്തനങ്ങളും നടത്തുന്നതെന്നും വിമർശനം ഉയര്‍ന്നിരുന്നു.
ബിജെപി ദുർബലമായ സംസ്ഥാനങ്ങളിലുള്ള നേതാക്കളുമായും അമിത് ഷാ പ്രത്യേകം ചർച്ച നടത്തി. കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് എന്നീ ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും തീരുമാനിച്ചു. ഇതുമൂലം സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ദേശീയ അദ്ധ്യക്ഷനുമായി നേരിട്ട് ചർച്ച ചെയ്യാൻ ഇവര്‍ക്ക് അവസരമുണ്ടാകും.