ഭര്‍ത്താവ് ആമിര്‍ഖാനെ വിമര്‍ശിച്ചു; യുവതി ആത്മഹത്യ ചെയ്തു...!

Webdunia
വെള്ളി, 27 നവം‌ബര്‍ 2015 (18:15 IST)
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നു പറഞ്ഞ നടൻ ആമിർ ഖാനെ ഭര്‍ത്താവ് വിമര്‍ശിച്ചതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു.  24 കാരിയായ സോനം പാണ്ഡെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

വിഷം കഴിച്ച ഉടൻ സോനത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ആമിര്‍ഖാന്‍ ആരാധികയായ സോനത്തിന് ആമിറിനെ തരംതാഴ്ത്തി പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇവരും ഭര്‍ത്താവ് മായങ്ക് പാണ്ഡെയും തമ്മില്‍ തര്‍ക്കമായി.

ഇതിനു ശേഷമാണ് സോനം വിഷം കഴിച്ചത് എന്നാണ് മായങ്ക് പാണ്ഡെ പൊലീസിനോട് പറഞ്ഞത്. അതേസമയം, സ്ത്രീധനത്തിന്റെ പേരിൽ സോനത്തിനെ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി സഹോദരൻ പറഞ്ഞതായും ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. മൂന്നു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് മരിച്ച സോനം.