രണ്ടാനമ്മ ആഭിചാരക്രിയകള്‍ നടത്തുന്നു; മുഖ്യമന്ത്രി അഖിലേഷിന് ദോഷങ്ങള്‍ വരുന്നത് ഇതുകൊണ്ടെന്നും എം എല്‍ എ

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2016 (14:42 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ രണ്ടാനമ്മ സാധന ആഭിചാരപ്രയോഗം നടത്തുകയാണെന്ന് ആരോപണം. പാര്‍ട്ടി എം എല്‍ എ ഉദയ്‌വീര്‍ സിങിന്റെ കത്തിലാണ് ഇക്കാര്യമുള്ളത്. സമാജ്‌വാദി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് മുലായം സിങ് യാദവ് പുറത്തു പോകണമെന്നും പകരമായി മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും കത്തില്‍ ഉദയ്‌വീര്‍ സിങ് വ്യക്തമാക്കുന്നു.
 
കത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയിലുള്ള മിക്ക ആളുകളും ആഗ്രഹിക്കുന്നത് ഇത്തരമൊരു തീരുമാനമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഉദയ്‌വീര്‍ സിങ് പറഞ്ഞു.
 
അതേസമയം, മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ രണ്ടാനമ്മയായ സാധന ആഭിചാരപ്രയോഗം നടത്തുകയാണെന്നും കത്തില്‍ ഉദയ്‌വീര്‍ സിങ് പറയുന്നു. മുലായം സിങ് യാദവിന്റെ സഹോദരനായ ശിവ്‌പാല്‍ സിങ് യാദവിന് അഖിലേഷിനോട് അസൂയയാണ്. സാധനയുടെയും ശിവ്‌പാലിന്റെയും ആഭിചാരക്രിയകള്‍ മൂലമാണ് അഖിലേഷിന് ദോഷമുണ്ടായത്.
 
യുവനേതാക്കളെയാണ് പാര്‍ട്ടിക്ക് ആവശ്യം.പാര്‍ട്ടിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവാണ് അഖിലേഷ് എന്നും ഉദയ്‌വീര്‍ വ്യക്തമാക്കി.
Next Article