സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ ഒരുക്കമാണെന്ന് കേന്ദ്രം വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഓരോ വർഷവും 4000 കോടി വീതം വര്‍ദ്ധിച്ചു വരുന്ന വന്‍ കടബാധ്യതയാണ് എയർ ഇന്ത്യയെ കൈവിടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. സ്വകാര്യവൽക്കരണം ഉൾപ്പെടെ പല മാർഗങ്ങൾ തേടിയ ശേഷമാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണമായതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം, വമ്പന്‍ കടബാധ്യതയുള്ള എയർ ഇന്ത്യയെ ആര് ഏറ്റെടുക്കുമെന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നേരത്തെ എയർ ഇന്ത്യ ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.