നഷ്ടത്തിലേക്ക് കൂപ്പുകൂത്തുന്ന എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മോഡി സര്‍ക്കാരിന്റെ പുതിയ വ്യോമയാനനയത്തിന്റെ കരട് പുറത്തിറക്കല്‍ വേളയില്‍ കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ കമ്പനി പവന്‍ ഹാന്‍സ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓഹരികള്‍ വിറ്റഴിക്കും.
മുന്‍സര്‍ക്കാരിന്റെ വ്യോമയാനനയം അവ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം കാര്യക്ഷമത ഉയര്‍ത്തി സുതാര്യത കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. പുതിയ വിമാനക്കമ്പനികള്‍ തുടങ്ങുന്നതിന് തടസമായി നില്‍ക്കുന്ന ചട്ടം പുനഃപരിശോധിക്കും. 'എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള സാധ്യത തള്ളുന്നില്ല. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകില്ല. എയര്‍ഇന്ത്യയുടെ ഭാവിസംബന്ധിച്ച കാര്യത്തില്‍ പുതിയ രൂപരേഖ തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കുമെന്നും അശോക് ഗജപതി രാജു പറഞ്ഞു.
വ്യോമയാനമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം നിര്‍ദേശിക്കുന്ന കരടില്‍ രാജ്യത്തെ വ്യത്യസ്ത മേഖലകള്‍തമ്മിലുള്ള വ്യോമയാനബന്ധം മെച്ചപ്പെടുത്തല്‍, ആറു നഗരങ്ങളില്‍ മെട്രോ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര താവളങ്ങളാക്കി ഉയര്‍ത്തല്‍, വിമാന ഇന്ധനത്തിന്റെ ചെലവുകുറയ്ക്കല്‍ തുടങ്ങിയവയും ഇടംപിടിച്ചിട്ടുണ്ട്.
പൊതു-സ്വകാര്യപങ്കാളിത്ത അടിസ്ഥാനത്തില്‍ കൂടുതല്‍ വിമാനത്താവളങ്ങളുടെ നിര്‍മാണം, വ്യോമമാര്‍ഗമുള്ള ചരക്കുകടത്തിന് പ്രോത്സാഹനം ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 125 വിമാനത്താവളങ്ങളെ നിയന്ത്രിക്കുന്നത് മിനിരത്‌ന കമ്പനിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഇവയില്‍ 11 എണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. 25 എണ്ണം പ്രതിരോധമന്ത്രാലയത്തിന്റേതും.
1985-ല്‍ തുടങ്ങിയ പവന്‍ ഹാന്‍സ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശവും ബാക്കി 49 ശതമാനം പൊതുമേഖലാസ്ഥാപനമായ ഒഎന്‍ജിസിയുടെ കൈയിലുമാണ്. ആഴക്കടല്‍ എണ്ണപര്യവേക്ഷണം, ഒറ്റപ്പെട്ട മേഖലയിലേക്കുള്ള സര്‍വീസ് ഇവ ലക്ഷ്യമാക്കിയാണ് പവന്‍ ഹാന്‍സിന് തുടക്കമിട്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.