ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പ്രണയ നൈരാശ്യമെന്ന് ആഗ്രപൊലീസ്.കേസില്‍ പിടിയിലായ ഹൈദരലി മുസ്ലീം യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഹൈദരലി പ്രണയിച്ചിരുന്ന ക്രിസ്‌ത്യന്‍ യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ പള്ളി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയെ കാണുന്നതിന് പതിവായി ഹൈദരലി പള്ളിയില്‍ എത്തിയിരുന്നു. എന്നാല്‍ അറിയിച്ചു. വ്യത്യസ്‌ത മതവിശ്വാസത്തില്‍ പെട്ടവരായതിനാല്‍ വിവാഹം നടക്കില്ലെന്നാണ് പെണ്‍കുട്ടി അറിയിച്ചത്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയേകാണാന്‍ പള്ളിക്ക് സമീപം എത്തുന്നത് പതിവാക്കി. ഹൈദരലിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ പെണ്‍കുട്ടി പള്ളിയില്‍ പോകുന്നത് നിര്‍ത്തുകയും ചെയ്തു. ഇതില്‍ രോഷം പൂണ്ടാണ് ഇയാള്‍ പള്ളിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഇക്കാര്യം സമ്മതിച്ചതായും പോലീസ് പറയുന്നു.
ആഗ്രയിലെ സുല്‍ത്താന്‍പുര സ്വദേശിയാണ് അറസ്‌റ്റിലായ ഹൈദരലി. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ഹൈദരലിയെ പിടികൂടിയത്. താന്‍ ഒറ്റയ്‌ക്ക് പള്ളി ആക്രമിക്കുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് വഴിയരികില്‍ ഭക്ഷണശാല നടത്തുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.ഏപ്രില്‍ പതിനാറിനാണ് ആഗ്രയിലെ സെന്റ് മേരീസ് ചര്‍ച്ച് ആക്രമിക്കപ്പെട്ടത്.