സര്‍ക്കാര്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം; രണ്ടര വയസ്സുകാരന്‌ കേള്‍വി ശേഷി നഷ്‌ടമായി

വ്യാഴം, 18 ഫെബ്രുവരി 2016 (12:57 IST)
രണ്ടര വയസ്സുകാരനു നേരെ സര്‍ക്കാര്‍ സ്‌കുള്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ കുട്ടിയുടെ കേള്‍വി ശേഷി നഷ്‌ടപ്പെട്ടു. സഹോദരങ്ങള്‍ കഴിക്കുന്ന ഭക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചത്‌. രജിത്‌ എന്ന രണ്ടര വയസ്സുകാരനാണ്‌ മര്‍ദ്ദനമേറ്റത്‌.

ബാഹ്‌ ഏരിയയിലെ മന്‍സുക്‌പുരയിലാണ്‌ സംഭവം നടന്നത്. രജിത്തിന്റെ സഹോദരങ്ങളായ രാധ, രോഹിണി എന്നിവര്‍ ഇതേ സ്‌കൂളില്‍ തന്നെയാണ്‌ പഠിക്കുന്നത്‌. ഇവര്‍ ഒരുമിച്ചാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്‌. സഹോദരങ്ങള്‍ കഴിക്കുന്ന ഭക്ഷണം വേണമെന്ന്‌ പറഞ്ഞതിനാണ്‌ അദ്ധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചത്‌.

കുട്ടിയുടെ മുഖത്ത്‌ അദ്ധ്യാപകന്‍ അടിച്ചതിനെതുടര്‍ന്ന്‌ കുട്ടിയുടെ ചെവിയില്‍ നിന്ന്‌ രക്തം വന്നിരുന്നു. വീട്ടില്‍ എത്തിയ ശേഷം വേദനകൊണ്ട്‌ പുളയുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്‌ ഒരു ചെവിയുടെ കേള്‍വിശക്‌തി നഷ്‌ടമായെന്ന വിവരം ഡോക്‌ടര്‍മാര്‍ അറിയിച്ചത്‌.

എന്നാല്‍ സംഭവം അദ്ധ്യാപകന്‍ രഖുവീര്‍ നിഷേധിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്‌ക്കള്‍ കടിക്കേണ്ടെന്ന്‌ കരുതി താന്‍ ശാസിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അച്‌ഛനായ ശ്യംവീര്‍ സിങ്‌ കള്ളം പറയുകയാണെന്നും സ്‌കൂളില്‍ നിന്ന്‌ പോകുന്നതുവരെ കുട്ടിക്ക്‌ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും രഖുവീര്‍ കൂട്ടിച്ചേര്‍ത്തു.  കുട്ടിയുടെ അച്‌ഛന്റെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു‌.

വെബ്ദുനിയ വായിക്കുക