ചെന്നൈ നഗരത്തില്‍ വ്യാപക ദുരിതം വിതച്ച വെള്ളപ്പൊക്കത്തിന് ഒരാണ്ട് തികയാന്‍ പോകുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു വന്‍ ദുരന്തം വിതച്ച വെള്ളപ്പൊക്കം ചെന്നൈ നഗരത്തില്‍ ഉണ്ടായത്. അതിനുശേഷം ഇത്തവണയും ഇടവിട്ടുള്ള ദിവസങ്ങളില്‍ ശക്തമായ മഴയാണ് ചെന്നെ നഗരത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ റെക്കോര്‍ഡ് മഴയാണ് നഗരത്തിലുണ്ടായത്. വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയാണോ ഈ മഴയും എത്തുന്നതെന്ന ആശങ്കയിലാണ് ഓരോ നഗരവാസികളും.
ഇന്ത്യന്‍ തീരത്തുകൂടി കടന്നു പോയി ബംഗ്ലാദേശിലേയ്ക്ക് തിരിഞ്ഞ ചുഴലിക്കാറ്റിന് ശേഷമായിരുന്നു ചെന്നൈയില്‍ കനത്ത മഴ പെയ്തത്. നഗരത്തിലെ പല റോഡുകളിലും വെള്ളം കയറുകയും ബോട്ടുകള്‍ സര്‍വീസ് നടത്തുകയും ചെയ്തു. അതിനായുള്ള മുന്‍കരുതലെന്നോണം കോര്‍പ്പറേഷന്‍ 12,000ത്തോളം സന്നദ്ധ പ്രവര്‍ത്തകരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. കൂടാതെ പട്ടണത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും ദേശീയ ദുരന്ത പ്രതിരോധ സേനയുടെ സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ മഴ ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ വെള്ളപ്പൊക്കം തടയാനുള്ള പല നീക്കങ്ങളും ചെന്നൈയിലും മറ്റും ആരംഭിച്ചിട്ടുണ്ട്. അഴുക്കുചാലുകളും കനാലുകളുമെല്ലാം ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പല മേഖലകളിലും നടന്നുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മൌണ്ട് റോഡ്, അടയാര്‍, വേളച്ചേരി, സൈദാപേട്ട് തുടങ്ങിയ വെള്ളം കെട്ടി കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അതൊഴിവാക്കാന്‍ ആവശ്യമായ നടപടികളും ഇത്തവണ നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ട്.
ഒരുകാലത്ത് ചെന്നൈ നഗരത്തിനു ചുറ്റും ജലത്തിന്റെ വലിയൊരു വലയവിതാനം തന്നെയുണ്ടായിരുന്നു. നദികൾ, കനാലുകൾ, കണ്ടലുകൾ, തോടുകൾ, കുളങ്ങൾ, തീരദേശ നീർത്തടങ്ങൾ എന്നിങ്ങനെ പല രൂപത്തില്‍ പ്രകൃതി ചെന്നൈ പട്ടണത്തെ ജല സമൃദ്ധമാക്കിയിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴ പെയ്തതു മാത്രമായിരുന്നില്ല ചെന്നൈയിലെ വെള്ളപ്പൊക്കത്തിനു കാരണം. ഈ നീർത്തടങ്ങളെയെല്ലാം വിഴുങ്ങി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ തിക്ത ഫലമായിരുന്നു 2015ലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം.
ഇത്രയും വലിയൊരു നഗരത്തിന് സ്റ്റോംവാട്ടര്‍ഡ്രൈയിനേജ് സംവിധാനം ഇല്ലെന്നത് തന്നെയാണ് ഏറ്റവും വലിയ നിയമലംഘനമായിക്കാണേണ്ടത്. ടാര്‍ചെയ്ത റോഡുകളും കോണ്‍ഗ്രീറ്റ് വത്കണവും മാത്രമുള്ള ചെന്നൈയില്‍
ഒരു തുള്ളിവെള്ളം ഭൂമിയിലേക്കിറങ്ങാന്‍പോലും ഒരു മാര്‍ഗവുമില്ല. പരിസ്ഥിതി സൗഹൃദം തൊട്ടുതീണ്ടിയിട്ടാല്ലാത്ത ഇന്ത്യയിലെ അപൂര്‍വം നഗരങ്ങളിലൊന്നാണ് ഈ ചെന്നൈ. അതിനാല്‍ ഈ പട്ടണത്തിന്റെ ഭൂമിശാസ്ത്രപരമായ അവസ്ഥ നോക്കിയെങ്കിലും പ്രതിരോധസംവിധാനങ്ങള്‍ ചെയ്യാതെ ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല.
നിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ മാറ്റം വരുത്താതെ ഇത്തരം കെടുതികളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പട്ടിണിപ്പാവങ്ങള്‍ താമസിക്കുന്ന ചേരികള്‍തൊട്ട് സമ്പന്നതയുടെ മൂടുപടമിഞ്ഞ നഗരഹൃദയത്തെ വരെ പരിസ്ഥിതി സൗഹൃദമാക്കുന്ന നയങ്ങള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമായെങ്കിലും ആ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ ചെന്നൈയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഏകദേശം ഒരുലക്ഷം കോടിയുടെ നാശനഷ്ടമാണ് പ്രളയം മൂലം ഉണ്ടായിട്ടുള്ളതെന്നാണ് അനൌദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതിനായുള്ള വലിയ സാമ്പത്തികസംവിധാനമൊരുക്കുകയെന്നതും സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണ്.