തടവുകാരോട് ഇനി രാഷ്ട്രീയം പറയാന്‍ പാടില്ല, ജയിൽ സന്ദർശകർക്ക് ആധാർ കാർഡ് നിർബന്ധം: പുതിയ നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Webdunia
ഞായര്‍, 5 മാര്‍ച്ച് 2017 (10:03 IST)
രാജ്യത്തെ എല്ലാ ജയിലുകളിലും തടവുകാരെ കാണുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. അതോടൊപ്പം ജയിലിൽ തടവുകാരെ കാണാനെത്തുന്നവർ ഒരു കാരണവശാലും ഇനി രാഷ്ട്രീയം പറയരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തില്‍ വ്യക്തമാക്കുന്നു.  
 
കഴിഞ്ഞ ഫെബ്രുവരി 17-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഈ നിര്‍ദേശമനുസരിച്ച് സംസ്ഥാന ജയില്‍ എ ഡി ജി പി ആര് ശ്രീലേഖ വെള്ളിയാഴ്ചയാണ് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചത്. കേന്ദ്രത്തിന്റെ ഈ നിർദേശങ്ങൾ പത്ത് ദിവസത്തിനകം നടപ്പാക്കണമെന്നും സംസ്ഥാന ജയിൽ മേധാവി ജയിൽ സൂപ്രണ്ടുമാർക്കു  നിര്‍ദേശം നൽകിയിട്ടുണ്ട്. 
 
തീവ്രവാദ ബന്ധമുള്ളവർ തടവുകാരെ സന്ദർശിച്ച് ആശയപ്രചാരണം നടത്തുന്നതായി രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഈ നിർദേശങ്ങൾ നൽകിയത്. ഭാവിയിൽ കാണാനെത്തുന്നവരുടെ പട്ടിക തടവുകാരനിൽനിന്നു ജയിൽ പ്രവേശന സമയത്തു തന്നെ വാങ്ങി സൂക്ഷിക്കണമെന്നും നിർദേശത്തില്‍ പറയുന്നുണ്ട്. 
Next Article