ആധാര്‍ വിവരങ്ങള്‍ സിഐഎ ചോർത്തി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് വിക്കിലീക്സ്

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (11:07 IST)
രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ യുഎസ് ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്സ് റിപ്പോര്‍ട്ട്. ക്രോസ് മാച്ചിങ്ങ് ടെക്‌നോളജിയിലൂടെയാണ് ചാര പ്രവര്‍ത്തനങ്ങള്‍ക്കായി സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിക്കിലീക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാഴാഴ്ചയാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വിക്കിലീക്സ് പുറത്തുവിട്ടത്.
 
ഇന്ത്യയിലെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളെല്ലാമടങ്ങിയ സുപ്രധാന രേഖയാണ് ആധാർ. ഓരോ പൗരന്റേയും വിരലടയാളം, കണ്ണ് എന്നിങ്ങനെയുള്ള രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാർ നമ്പർ ഉപയോഗിച്ചുകൊണ്ട് ഏതൊരു വ്യക്തിയുടെയും സാമ്പത്തിക, സാമൂഹിക ഇടപെടലുകളടക്കം നിരീക്ഷിക്കാന്‍ കഴിയും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണ് സിഐഎ ചോർത്തിയിരിക്കുന്നത്. 
 
അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഓരോരുത്തരുടേയും ആധാർ വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്നുമാണ് ആധാർ അഥോറിറ്റിയായ യുഐഡിഎഐ അധികൃതർ വ്യക്തമാക്കുന്നത്. ആധാർ സ്വകാര്യതയുടെ ലംഘനമാണെന്ന ചർച്ച സജീവമായിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിഐഎ വിവരങ്ങൾ ചോർത്തിയതായുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്. 
Next Article