തിരുവനന്തപുരം: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ നോട്ടുകളിൽ ഇനിയും 8470 കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയിട്ടില്ല. ആകെ ഇറക്കിയ 2000 ന്റെ കറന്സികളിൽ 97.62 ശതമാനമാണ് ഇതുവരെ തിരിച്ചെത്തിയത്.
കഴിഞ്ഞ മെയ് പത്തൊമ്പതിനാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം റിസർവ് ബാങ്ക് നടത്തിയത്. ആ സമയത്ത് വിപണിയിൽ 3.56 ലക്ഷം കോടി രൂപയുടെ 2000 ന്റെ കറന്സികളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഏകദേശം 427 കോടി രൂപയുടെ 2000 ന്റെ കറന്സികളാണ് തിരിച്ചെത്തിയത്.
നിലവിൽ തിരുവനന്തപുരം അടക്കമുള്ള റിസർവ് ബാങ്കിന്റെ കീഴിലുള്ള പത്തൊമ്പത് ഇഷ്യു കേന്ദ്രങ്ങളിലൂടെ മാത്രമേ 2000 രൂപയുടെ കറൻസി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയുകയുള്ളു.