ഏഴുവയസുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. ഹിമാചൽ പ്രദേശിലെ സർമാവുർ ജില്ലയിലാണ് സംഭവം. വിക്കി എന്ന കുട്ടിയാണ് നായകളുടെ ആക്രമണത്തില്‍ മരിച്ചത്.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിയാണ് വിക്കിയെ തെരുവ് നായ്‌ക്കള്‍ ആക്രമിച്ചത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും കുട്ടിയുടെ തലയിലും കഴുത്തിലും വയറിലും ആഴത്തിലുള്ള മുറിവുകള്‍ ഏറ്റിരുന്നു.
നായ്‌ക്കളെ ഓടിച്ച് വിട്ടശേഷം വിക്കയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
വിക്കിയുടെ കുടുംബത്തില്‍ അടിയന്തര സഹായമായി 20,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. അതേസമയം, അധികൃതര്‍ക്കെതിരെ ഗ്രാമവാസികള്‍ രംഗത്തുവന്നു. പ്രദേശത്ത് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിച്ചു വരുകയാണെന്നും അധികൃതര് വിഷയത്തില്‍ പരിഹാരം കാണുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.