എൻഐഎ നടത്തിയ റെയ്ഡിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്‌തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 16 ഇടങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് ഹർബ് ഇ ഇസ്‌ലാം' എന്ന ഗ്രൂപ്പുമായി ബന്ധമുള്ള ഇവര്‍ പിടിയിലായത്.
ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്ന് ഇന്ന് രാവിലെയാണ് അഞ്ച് പേര്‍ അറസ്‌റ്റിലായത്. ബാക്കിയുള്ള അഞ്ചു പേരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. നിരവധി പേര്‍ കസ്‌റ്റഡിയിലാണ്.
അടുത്തമാസം നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ഉത്തരേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടവരാണ് അറസ്‌റ്റിലായത്. ഇവരില്‍ നിന്ന് റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, തോക്കുകൾ, ക്ലോക്കുകൾ എന്നിവ പിടിച്ചെടുത്തു. 7.5 ലക്ഷം രൂപയും 100 മൊബൈല്‍ ഫോണുകളും 135 സിം കാര്‍ഡുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.
യുപിയിലെ പ്രധാന സ്‌മാരകങ്ങൾക്കുനേരെയും നിരവധി പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യം വെച്ചാണ് ഇവര്‍ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി.