മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാനില്‍ അടുത്ത മാസം തുടങ്ങുന്ന വിചാരണ നടപടികള്‍ ഇന്ത്യ നിരീക്ഷിക്കില്ല എന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. 26/11 കേസില്‍ ഒക്ടോബറില്‍ വിചാരണ തുടങ്ങുമെന്ന പാകിസ്ഥാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനെ പോലെയുള്ള സുഹൃദ് രാജ്യങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയില്ല. പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരികുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍ നിയമത്തിന് അനുസൃതമായി മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ വിചാരണ ചെയ്യണമെന്നും നടപടികള്‍ക്ക് വ്യക്തമായ ഫലം ഉണ്ടാവണമെന്നുമാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍, ഇതിനായി പ്രത്യേക നടപടിക്രമങ്ങള്‍ ഒന്നും നിശ്ചയിച്ചിട്ടില്ല എന്നും കൃഷ്ണ പറഞ്ഞു.
26 /11 ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിചാരണ ഒക്ടോബറില്‍ തുടങ്ങുമെന്നും ഖുറേഷി കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി. ഭീകരതയ്ക്കെതിരെയുള്ള പാകിസ്ഥാന്റെ സമീപനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ത്യയും അംഗീകരിക്കണം എന്നും ഖുറേഷി ആവശ്യപ്പെട്ടു.
എന്നാല്‍, പാകിസ്ഥാനെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ എന്തു പറയുന്നു എന്നതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല. പാകിസ്ഥാനോട് ഇന്ത്യയ്ക്ക് പ്രത്യേക നിലപാടാണ് ഉള്ളത്, എന്നായിരുന്നു ഇതെ കുറിച്ചുള്ള ചോദ്യത്തിനോട് കൃഷ്ണയുടെ പ്രതികരണം.
കൂടിക്കാഴ്ച സൃഷ്ടിപരവും പ്രയോജനപ്രദവുമാണെന്ന് ഇരു മന്ത്രിമാരും അവകാശപ്പെട്ടു. നവംബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിനിടയിലും ഇന്തോ-പാക് കൂടിക്കാഴ്ച നടന്നേക്കാമെന്നാണ് സൂചന.