മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പാക് പൌരന്‍ സിംബാബ്‌വെയില്‍ പൊലീസ് പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റിലായ ഇമ്രാന്‍ മുഹമ്മദ് (33) എന്ന പാക് പൌരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സിംബാബ്‌വെ പൊലീസ് പാക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടുവരികയാണെന്ന് ‘ഹെറാള്‍ഡ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇമ്രാന്‍ മുഹമ്മദും കൂട്ടാളി പര്‍വേസ് അഹമ്മദും (39) സിംബാബ്‌വെയിലെ ബെയ്റ്റ്ബ്രിഡ്ജ് അതിര്‍ത്തിയില്‍ വച്ചാണ് പൊലീസ് പിടിയിലായത്. ഇവര്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുന്ന ദക്ഷിണാഫ്രിക്കയിലേക്ക് വ്യാജ കൈനിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റ് നടന്നത്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും അതിര്‍ത്തി പട്രോളിംഗ് ശക്തമാക്കി.
അറസ്റ്റിലായ പാകിസ്ഥാന്‍ വംശജര്‍ സൌദി അറേബ്യയില്‍ നിന്ന് ടാന്‍സാനിയയിലേക്ക് വിമാനമാര്‍ഗ്ഗം എത്തിയശേഷം റോഡുമാര്‍ഗ്ഗമാണ് സിംബാബ്‌വെയില്‍ എത്തിയത് എന്നും സിംബാബ്‌വെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരെ ജൂണ്‍ 20 ന് ആണ് പൊലീസ് പിടികൂടിയത് എന്ന് പൊലീസ് വക്താവ് വയേന്‍ ബവുദ്സിജേന വെളിപ്പെടുത്തി. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്റര്‍പോളുമായും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായും സിംബാബ്‌വെ പൊലീസ് ബന്ധപ്പെട്ടുവരികയാണ്.
മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇമ്രാന്‍ മുഹമ്മദ് ചിലി തലസ്ഥാനമായ സാന്റിയാഗോ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.