2022ഓടെ രാജ്യത്ത് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആനന്ദ് ശര്‍മ

Webdunia
വ്യാഴം, 23 ജനുവരി 2014 (18:28 IST)
PRO
PRO
2022 ഓടെ രാജ്യത്തെ ഉല്‍പാദന രംഗത്ത് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ആനന്ദ് ശര്‍മ. ഇതിനായി ജിഡിപിയില്‍ നിന്നുള്ള വിഹിതം 25 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാവസായിക മേഖലയില്‍ പത്തുകോടി വിദഗ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായും ഇതിനായി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി)നിന്ന് ഉല്‍പാദനമേഖലയ്ക്കുള്ള വിഹിതം 16 ശതമാനത്തില്‍നിന്നും 25 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിരത ഉറപ്പുവരുത്താനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഉല്‍പാദന മേഖല വികസിപ്പിക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ഉല്‍പാദന നയത്തിന്റെ ഭാഗമായി അടുത്ത പത്തുവര്‍ഷത്തേക്ക് ഉല്‍പാദന മേഖലയ്ക്കുള്ള ജിഡിപി വിഹിതം 25 ശതമാനമായി ഉയര്‍ത്തും. ഇപ്പോഴിത് 16 ശതമാനം വരെയാണ്. 2022ഓടെ രാജ്യത്ത് വ്യാവസായിക മേഖലയില്‍ പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി. ഉല്‍പാദന മേഖലയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് രാജ്യത്തിന്റെ കയറ്റുമതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നവംബറില്‍ കയറ്റുമതി നിരക്കില്‍ ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടില്‍ നിന്നുള്ളവരും അല്ലാത്തവരുമായ 80 പ്രമുഖ വ്യവസായികളുമായി ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തും. ലോക വ്യാപാര സംഘടന (ഡബ്യൂടിഒ) യുടെ മേധാവിയും യുഎസ് വ്യാപാര പ്രതിനിധിയുമായ മൈക്കല്‍ ഫോര്‍മാനുമായും ആനന്ദ് ശര്‍മ കൂടിക്കാഴ്ച നടത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി വ്യവസായികളും മന്ത്രിമാരും ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപക ആകര്‍ഷിപ്പിക്കാനുള്ള അവസരമായാണ് ഇന്ത്യ ഇതിനെ കാണുന്നത്.