2008 ല്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (14:56 IST)
രാജ്യത്ത് 2008ല്‍ ഒന്‍പതു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു. ഈ വര്‍ഷം കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരിച്ചടികളുടേതായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് , എന്നിവയടക്കമുള്ള ഒന്‍പതു സംസ്ഥാനങ്ങളിലാണ് 2008 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ്, ഉത്തര്‍ഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍‌പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഭരണവിരുദ്ധവികാരം സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല.

2007 ല്‍ കോണ്‍ഗ്രസ് ഗോവയിലെയും മണിപ്പൂരിലെയും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നു. ബി.ജെ.പി ഈ വര്‍ഷം മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ചതു മൂലം ഇന്തോ-യു.എസ് ആണവകരാറിനു മേല്‍ ഇനി സി.പി.ഐ(എം) ഭീഷണി മുഴക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുവാനുള്ള ആലോചനകളും നടക്കുന്നുണ്ട്. എല്‍.കെ.അദ്വാനിയാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

മോഡി ബി.ജെ.പിയുടെ ദേശീയ നേതൃത്വ നിരയിലേക്ക് വരികയാണെങ്കില്‍ അത് തങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മോഡി ദേശീയ നിരയിലേക്ക് വരികയാണെങ്കില്‍ മതേതരത്വത്തില്‍ ഊന്നിയുള്ള പ്രചാരണം നടത്തുവാനാണ് കോണ്‍ഗ്രസ് ലക്‍ഷ്യമിടുന്നത്.