2006-07ലെ ജിഡി‌പി വളര്‍ച്ച 9.5%

Webdunia
വ്യാഴം, 31 ജനുവരി 2008 (13:09 IST)
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ‍ നിരക്ക് 2006-07 ല്‍ മികച്ച വര്‍ദ്ധന കൈവരിച്ചു. ഇക്കാലയളവില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി) വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായി ഉയര്‍ന്നു. 2005-06 ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 9.4 ശതമാനമായിരുന്നു.

2006-07 ലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 28,64,309 കോടിയുടേതാണ്. അതേ സമയം 2005-06 ല്‍ ഇത് 26,12,847 കോടി രൂപയുടേതായിരുന്നു. ഉല്‍പ്പാദന മേഖലയിലെ ഗണ്യമായ വളര്‍ച്ചാ നിരക്കാണ് ജിഡിപി നിരക്ക് ഈ രീതിയില്‍ ഉയരാനിടയാക്കിയത്.

നിലവിലെ വില നിലവാരം അനുസരിച്ച് 2006-07 ലെ ആളോഹരി വരുമാനം 29,642 രൂപയായി ഉയര്‍ന്നു. എന്നാല്‍ 2005-06 ല്‍ ഇത് 25,956 രൂപയായിരുന്നു. ഈയിനത്തിലെ വര്‍ദ്ധന 14.2 ശതമാനമാണ്.

2006-07 സാമ്പത്തിക വര്‍ഷത്തിലെ ഖനനം, ഉല്‍പ്പാദനം, പ്രകൃതി വാതകം, ജലസേചനം, നിര്‍മ്മാണം എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. ഖനനം 5.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ഉല്‍പ്പാദന മേഖല 12 ശതമാനവും വാതകം, ജലസേചനം എന്നീ മേഖലകള്‍ 6 ശതമാനവും നിര്‍മ്മാണ മേഖല 12 ശതമാനവും വളര്‍ച്ച കൈവരിച്ചു.