കരച്ചില്‍ നിര്‍ത്തിയില്ല, രണ്ടു വയസുകാരനെ അമ്മ തല്ലിക്കൊന്നു - സംഭവം ബാംഗ്ലൂരില്‍

Webdunia
ചൊവ്വ, 17 ജനുവരി 2017 (19:23 IST)
രണ്ടു വയസുകാരന്റെ കരച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്ന് മകനെ അമ്മ കൊലപ്പെടുത്തി. ബാംഗ്ലൂരിലെ എംജി ഗാര്‍ഡന് സമീപം കസ്‌തൂരി ഭായ് അറുമുഖം ദമ്പതികളുടെ മകന്‍ വിജയ് ആണ് അതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ഈ മാസം ഒമ്പതിനായിരുന്നു സംഭവമുണ്ടായത്. എന്തോ രോഗമാണെന്നും ഇപ്പോള്‍ അവശനിലയിലാണെന്നും പറഞ്ഞ് കുട്ടിയെ അമ്മയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടി മരിച്ചെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കും ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതര പരുക്കുകളേറ്റുവെന്ന് വ്യക്തമായി. ആശുപത്രിയില്‍ എത്തിച്ച ദിവസം കുട്ടി അമ്മയ്‌ക്കൊപ്പം തന്നെയായിരുന്നു എന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പൊലീസ് അമ്മ കസ്തൂരി ഭായിയെ ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ രണ്ടു വയസുകരാനായ മകനെ കൊന്നത് താന്‍ തന്നെയാണെന്ന് അമ്മ വ്യക്തമാക്കി. വാശിപിടിച്ച് കരഞ്ഞതോടെ തനിക്ക് അരിശം വന്നുവെന്നും തുടര്‍ന്ന് കുട്ടിയെ നിലത്തിട്ട് ചവുട്ടിയ ശേഷം ചുവരിനോട് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്‌തു. അവശനായി നിലത്തു വീണ കുട്ടിയുടെ വടി ഉപയോഗിച്ച് പിന്നീട് ക്രൂരമായി തല്ലിയെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി.

ബോധം നഷ്‌ടമായ കുട്ടിയെ ഏറെ നേരം കഴിഞ്ഞ് കസ്‌തൂരിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
Next Article