ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് വിഷ്ണു കൈപ്പള്ളി. 2014, 2019, 2024 കാലങ്ങളില്‍ ശശീതരൂരിന് വേണ്ടി ബിജെപിയെ സുരേഷ് ഒറ്റിയെന്നാണ് ആരോപണം. ഫേസ്ബുക്കിലാണ് ഇക്കാര്യം വിഷ്ണു ആരോപിച്ചത്. ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും ജനറല്‍ സെക്രട്ടറി സുരേഷിനെ വിമര്‍ശിച്ചതിന് കഴിഞ്ഞദിവസം വിഷ്ണുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി വിഷ്ണു രംഗത്തെത്തിയത്. എല്ലാ കാലത്തും ചുമതലയില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാറി മാറി വരുന്ന സംസ്ഥാന അധ്യക്ഷന്മാരോട് ചേര്‍ന്ന് നില്‍ക്കുകയും അതിനിടയില്‍ കൂടി കോര്‍ കമ്മിറ്റി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയും കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് നേരെ കൃത്രിമ ആരോപണങ്ങള്‍ സൃഷ്ടിച്ച് അവരുടെ പ്രതിച്ഛായ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഒരു പഠിച്ച കള്ളനാണ് സുരേഷെന്ന് വിഷ്ണു പറയുന്നു.
വിജയസാധ്യത ഉണ്ടായിരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇയാള്‍ തന്നെ കൂടെ നിന്നാണ് ഓ രാജഗോപാലിനെയും കുമ്മനം രാജശേഖരനെയും തോല്‍പ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ പകല്‍പോലെ വ്യക്തമുള്ള കാര്യമാണെന്നും വിഷ്ണു ആരോപിച്ചു. ഇതിന്റെ പ്രതിഫലമായി ശശി തരൂരിന്റെ റെക്കമെന്റഷനില്‍ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വാങ്ങിയതും തെളിവുസഹിതം ഇന്ന് പുറത്തുണ്ടെന്നും വിഷ്ണു പറഞ്ഞു.