ആന്ധ്രാപ്രദേശില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന് ദലിതര്‍ക്ക് നേരെ ഗോ സംരക്ഷകരുടെ അതിക്രമം. കഴിഞ്ഞ ദിവസം അമലാപുരത്തുവച്ചാണു സംഭവം നടന്നത്. വിവസ്ത്രരാക്കി തെങ്ങിൽ കെട്ടിയിട്ടാണ് ഇവരെ ഒരു കൂട്ടം ആളുകൾ മർദിച്ചത്.
മൊകതി എലിസ, മൊകതി രാജം എന്നിവരെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗോരക്ഷക് ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചത്. വൈദ്യുതാഘാതമേറ്റ് ചത്ത പശുവിനെ കുഴിച്ചിടുന്നതിനിടയിലായിരുന്നു ഇവര്‍ക്ക് മർദ്ദനമേറ്റത്. പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
കഴിഞ്ഞ മാസം അവസാനം ഗുജറാത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. സംഭവത്തില്‍ തിരിച്ചറിയാത്ത ഒരു സംഘമാളുകള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.