2ജി: കനിമൊഴിയെ പ്രതിചേര്‍ക്കും

ബുധന്‍, 30 മാര്‍ച്ച് 2011 (09:48 IST)
PRO
PRO
തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും ഡി എം കെ എം പിയുമായ കനിമൊഴിയെ 2ജി സ്പെക്‍ട്രം കേസില്‍ പ്രതിചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐ പി സി 120ബി വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തിയാണ് കനിമൊഴിയെ സി ബി ഐ പ്രതിചേര്‍ക്കുക. ഏപ്രില്‍ രണ്ടിനാണ് സി ബി ഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

സ്പെക്‍ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കനിമൊഴിയെയും കരുണാനിധിയുടെ രണ്ടാം ഭാര്യ ദയാലു അമ്മാളിനെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. ചെന്നൈയില്‍ കലൈഞ്ജര്‍ ടി വി ഓഫീസില്‍ നടന്ന ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടുനിന്നിരുന്നു. സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ മുന്‍ ടെലികോംമന്ത്രി എ രാജ വഴിവിട്ട് സഹായിച്ചതായി ആരോപിക്കപ്പെടുന്ന സ്വാന്‍ ടെലികോമിന്റെ പ്രൊമോട്ടര്‍മാരിലൊരാളായ ഷാഹിദ് ഉസ്മാന്‍ ബല്‍വ വഴി കലൈഞ്ജര്‍ ടി വി യിലേക്ക് കോടികള്‍ ഒഴുകിയതായി തെളിഞ്ഞിരുന്നു. 214 കോടി രൂപയുടെ ഇടപാടായിരുന്നു നടന്നത്. ഇതെക്കുറിച്ചും സി ബി ഐ ഉദ്യോഗസ്ഥര്‍ കനിമൊഴിയോട് വിശദമായി ചോദിച്ചറിഞ്ഞിരുന്നു.

കലൈഞ്ജര്‍ ടി വി യില്‍ ദയാലു അമ്മാളിന് 60 ശതമാനം ഓഹരിയും കനിമൊഴിക്ക് 20 ശതമാനം ഓഹരിയുമാണുള്ളത്. കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യ രാജാത്തിയിലുള്ള മകളാണ് കനിമൊഴി.

കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയും, രാജാത്തിയും കനിമൊഴിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകളും പുറത്തുവന്നിരുന്നു.

കലൈഞ്ജര്‍ ടി വി ഓഫീസിലും കനിമൊഴി ഡയറക്‍ടറായുള്ള 'തമിഴ് മെയ്യം' എന്ന സന്നദ്ധസംഘടനയുടെ ഓഫീസിലും സി ബി ഐ നേരത്തേ റെയ്ഡ് സംഘടിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക