2ജി: എന്‍ഡി‌എയും വെട്ടിലായേക്കും

Webdunia
തിങ്കള്‍, 31 ജനുവരി 2011 (13:46 IST)
PRO
2 ജി സ്പെക്ട്രം ഇടപാടു സംബന്ധിച്ച ജസ്റ്റിസ് ശിവരാജ് വി പാട്ടീല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2001 - 2009 കാലത്തെ സ്പെക്ട്രം ഇടപാടുകളെ കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡി‌എ ഭരണകാലത്ത് നടന്ന ഇടപാടുകളിലും ക്രമക്കേട് കണ്ടെത്തിയതായി സൂചനയുണ്ട്.

2001 - 2003 കാലത്ത് എന്‍‌ഡി എ സര്‍ക്കാര്‍ ഭരണം നടത്തിയപ്പോഴും തുടര്‍ന്ന് യുപി‌എ സര്‍ക്കാര്‍ ഭരിച്ചപ്പോഴും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ക്രമക്കേടുകള്‍ നടത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പേരു വിവരം ഉണ്ടോ എന്ന ചോദ്യത്തിന് ശിവരാജ് പാട്ടീല്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

2 ജി വിതരണത്തില്‍ സര്‍ക്കാരിന് 176 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന സി‌എജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രശ്നം പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു. പി‌എസി അന്വേഷണം ആവശ്യപ്പെട്ട് എന്‍ഡി‌എയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സ്തംഭിപ്പിച്ചിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയായതിനാല്‍ എ രാജ രാജിവച്ചതുകൊണ്ടു മാത്രം കാര്യമില്ല എന്നും അഴിമതിയുമായി ബന്ധപ്പെട്ട എല്ലാവരെയും പുറത്തുകൊണ്ടുവരണം എന്നുമായിരുന്നു എന്‍‌ഡി‌എ ശക്തമായി വാദിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ 13 ന് ആണ് ശിവരാജ് പാട്ടീല്‍ കമ്മീഷനെ നിയമിച്ചത്. മുന്നൂറ് താളുകളുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ ടെലികോം മന്ത്രി കപില്‍ സിബലിനു സമര്‍പ്പിച്ചത്.