അസഹനീയമായ വയറുവേദന, സ്‌കാനിങ് കാഴ്ച ഡോക്ടര്‍മാരെ ഞെട്ടിച്ചു; പുറത്തെടുത്തത് 156 കല്ലുകള്‍

Webdunia
ശനി, 18 ഡിസം‌ബര്‍ 2021 (13:47 IST)
അമ്പതുകാരന്റെ വൃക്കയില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 156 കല്ലുകള്‍ ! ഹൈദരബാദിലാണ് സംഭവം. അസഹനീയമായ വയറുവേദനയെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. വയറുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്നതിനിടെ വൃക്കയിലെ കല്ലുകളുടെ വിവരമറിഞ്ഞ ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. 
 
പ്രീതി യൂറോളജി ആന്‍ഡ് കിഡ്‌നി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. ലാപ്രോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും ഉപയോഗിച്ച് ഇതുവരെ ഒരു രോഗിയുടെ വൃക്കയില്‍ നിന്ന് പുറത്തെടുത്ത കല്ലുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ആണ് ഇതെന്ന് ആശുപത്രി അവകാശപ്പെട്ടു. 
 
കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപകനാണ് ബസവരാജ് മടിവാളര്‍. പെട്ടെന്നാണ് ഇയാള്‍ക്ക് അടിവയറ്റില്‍ വല്ലാത്തൊരു വേദന അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോള്‍ വൃക്കയില്‍ കല്ലുകളുടെ ഒരു കൂട്ടം തന്നെ കണ്ടെത്തുകയായിരുന്നു. താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ 156 കല്ലുകള്‍ തങ്ങള്‍ പുറത്തെടുത്തെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 
 
'രണ്ട് വര്‍ഷത്തിലേറെയായി ഈ രോഗിയില്‍ ഈ കല്ലുകള്‍ വളരുന്നുണ്ടാകാം, എന്നാല്‍ മുമ്പ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പെട്ടെന്ന് വേദന അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധന വഴിയാണ് വൃക്കയില്‍ വലിയൊരു കൂട്ടം കല്ലുകളുടെ സാന്നിധ്യം കണ്ടെത്തിയത്', പ്രീതി യൂറോളജി ആന്‍ഡ് കിഡ്നി ഹോസ്പിറ്റലിലെ യൂറോളജിസ്റ്റും മാനേജിംഗ് ഡയറക്ടറുമായ ഡോ.വി ചന്ദ്ര മോഹന്‍ പറഞ്ഞു. ഇത്രയേറെ കല്ലുകള്‍ ഉണ്ടായിരിന്നിട്ടും രോഗിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല എന്നത് ഡോക്ടര്‍മാരെ ആശ്ചര്യപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article