ആന്ധ്രയുടെ അസംബ്ലി മന്ദിരം കണ്ടോ? ഇത് ഇന്ത്യയില്‍ തന്നെയോ എന്ന് അതിശയിക്കും, സയന്‍സ് ഫിക്ഷന്‍ സിനിമയെന്ന് സംശയിക്കും!

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (15:35 IST)
ആന്ധ്ര ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പുതിയ തലസ്ഥാനനഗരമായി വരുന്ന അമരാവതിയില്‍ ഉയരാന്‍ പോകുന്ന അസംബ്ലി മന്ദിരത്തിന്‍റെ ഡിസൈനുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അമരാവതിയില്‍ നിര്‍മ്മിക്കുന്ന അസംബ്ലി മന്ദിരത്തിന് ഈ ഡിസൈനുകളില്‍ ഒന്ന് മാതൃകയാവും.
 
എന്നാല്‍ ഈ ഡിസൈനുകളില്‍ കൂടി കണ്ണോടിക്കുമ്പോഴാണ് ഞെട്ടിപ്പോകുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ കാണുന്ന അനുഭവമാണ് ഓരോ ഡിസൈനും സമ്മാനിക്കുക. ലക്‍ഷ്വറിയും സൌകര്യങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന ഡിസൈനുകളില്‍ ഏത് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടാലും അത് ഇന്ത്യയിലെ അത്ഭുത നിര്‍മ്മാണങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും.
 
ബ്രിട്ടീഷ് നിര്‍മ്മാണക്കമ്പനിയായ നോര്‍മന്‍ ഫോസ്റ്റര്‍ ആന്‍റ് പാര്‍ട്ട്‌ണേഴ്സ് ആണ് ഡിസൈനുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ‘ഇവയൊക്കെയാണ് ആന്ധ്ര അസംബ്ലി മന്ദിരത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട ഡിസൈനുകള്‍. നിങ്ങള്‍ ഇവയില്‍ ഏത് തെരഞ്ഞെടുക്കുന്നു എന്ന് വ്യക്തമാക്കുക” എന്നാണ് ടിഡിപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഡിസൈനുകള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന പോസ്റ്റ്.
 
സാധാരണക്കാരന്‍റെ പണം ഉപയോഗിച്ച് ഇത്രയും വലിയ ആഡംബര മന്ദിരം നിര്‍മ്മിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. എന്നാല്‍ ഡിസൈനുകളോട് ആവേശപൂര്‍വം പ്രതികരിച്ചവരും അനവധിയാണ്. 
 
“ഇതൊരു സ്പേസ് സെന്‍ററിനുള്ള കെട്ടിടമാണോ? 300 അംഗങ്ങള്‍ക്കുള്ള നിയമസഭാമന്ദിരത്തിന് ഇതുപോലെയൊരു ആഡംബരക്കൊട്ടാരത്തിന്‍റെ ആവശ്യമുണ്ടോ? അനാവശ്യമായി ഇങ്ങനെ പണം ചെലവഴിക്കാതെ ആ പണം ഉപയോഗിച്ച് ലോകനിലവാരത്തില്‍ ഒരു സര്‍വകലാശാല നിര്‍മ്മിക്കാമല്ലോ” - എന്നാണ് ചിലര്‍ ഈ ഡിസൈനുകളോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
 
“നിയമസഭാമന്ദിരത്തിന്‍റെ പുറം‌മോടിക്ക് ഇത്രയധികം തുക ചെലവാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത്രയധികം പണം സര്‍ക്കാരിനുണ്ടെങ്കില്‍ അവ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഉപയോഗിക്കുക. സര്‍ക്കാര്‍ സ്കൂളുകളും ആശുപത്രികളും നിര്‍മ്മിക്കുക” - എന്നെഴുതിയവരും ഉണ്ട്.
 
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തോട് അനുഭാവപൂര്‍വം പ്രതികരിച്ചവരും ഏറെയാണ്. “തലസ്ഥാനത്തെ നിയമസഭാ മന്ദിരം മറ്റേതെങ്കിലുമൊരു കെട്ടിടം പോലെയല്ല. അടുത്ത 100 വര്‍ഷത്തേക്ക് സംസ്ഥാനത്തിന് എടുത്തുകാണിക്കാന്‍ തക്ക രീതിയിലുള്ളതാവണം അത്. റോഡുകളോ മറ്റ് കെട്ടിടങ്ങളോ നിര്‍മ്മിക്കുന്നതുപോലെ അസംബ്ലി മന്ദിരം നിര്‍മ്മിക്കാനാവില്ല. ഹൈദരാബാദ് പോലെ ഒരു തലസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ഇത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടതുണ്ട്. ചന്ദ്രബാബു നായിഡു ചെയ്യുന്നത് അക്ഷരം‌പ്രതി ശരിയാണ്” - എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. 
 
പുതിയ തലസ്ഥാനമാകുന്ന അമരാവതിയിലെ കെട്ടിടങ്ങളുടെ രൂപകല്‍പ്പനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ചന്ദ്രബാബു നായിഡു ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൌലിയെ കണ്ടതും വന്‍ വിവാദമായിരുന്നു.


 

അനുബന്ധ വാര്‍ത്തകള്‍

Next Article