നിയമപ്രകാരമുളള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ്, നിയമസഭയല്ല: ഒ രാജഗോപാല്‍

വ്യാഴം, 8 ജൂണ്‍ 2017 (11:33 IST)
കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രവിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. സഭയില്‍ ഈ നിലപാടിന് എതിരായി സംസാരിക്കാന്‍ താനൊരാള്‍ മാത്രമെ ഉള്ളൂവെന്നു അതുകൊണ്ടുതന്നെ തനിക്ക് സമയം കൂടുതല്‍ അനുവദിക്കണമെന്നും പറഞ്ഞാണ് രാജഗോപാല്‍ പ്രസംഗം ആരംഭിച്ചത്. 
 
പ്രത്യേക നിയമസഭാ സമ്മേളനമെന്നത് കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് മാത്രമാണെന്ന കാര്യം രാഷ്ട്രീയ ശിശുക്കള്‍ക്ക് വരെ അറിയാവുന്നതാണ്. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.വാസ്തവത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍ വേണ്ടിയിട്ടാണ് സര്‍ക്കാര്‍ ഈ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 
കൃഷിക്കാരന്റെ നിലനില്‍പ്പിന് കന്നുകാലി സമ്പത്ത് ആവശ്യമാണ്. കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് നാലുമാസമായി. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പറഞ്ഞിരുന്നു. അതിന് ഇനിയും സമയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണ്. നിയമപ്രകാരമുളള തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ്, നിയമസഭയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക