തിരുവനന്തപുരം: അമ്മ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് നടന്‍ കൊല്ലം തുളസിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. 'പുരുഷന്മാര്‍ എപ്പോഴും അധികാരത്തിലിരിക്കണം, സ്ത്രീകള്‍ അവര്‍ക്ക് കീഴിലായിരിക്കണം' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണമായത്.
വോട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് കൊല്ലം തുളസി വിവാദ പ്രസ്താവന നടത്തിയത്. പുരുഷന്മാര്‍ ഭരിക്കണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'പുരുഷന്മാര്‍ ഭരിക്കണം. സ്ത്രീകള്‍ എപ്പോഴും അവരുടെ താഴെയായിരിക്കണം. ഇങ്ങനെയല്ലേ വേണ്ടത്?' എന്നാണ് കൊല്ലം തുളസി മറുപടി നല്‍കിയത്. അതേസമയം, 31 വര്‍ഷത്തെ എഎംഎംഎ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോനാണ് പുതിയ പ്രസിഡന്റ്.
ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും സ്ത്രീകള്‍ വഹിക്കുന്നു. ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനെയും വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയെയും ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസ്സനെയും തിരഞ്ഞെടുത്തു.