ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 രോഗികള്‍ പിടഞ്ഞുമരിച്ചു. തിരുപ്പതിയിലെ എസ് വി ആര്‍ ആര്‍ ആശുപത്രിയിലാണ് ദാരുണസംഭവം. ഇന്നലെ രാത്രിയോടെയാണ് വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ചത്. ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം. വിവരം കോവിഡ് രോഗികളുടെ ബന്ധുക്കളെ അറിയിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ തീവ്രപരിചണ വിഭാഗത്തില്‍ ഇരച്ചെത്തി.
25 മിനിറ്റോളം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായി രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 135ഓളം ഐസിയു ബെഡ്ഡും 400 ലധികം ഓക്സിജന്‍ ബെഡ്ഡും ആശുപത്രിയിലുണ്ട്. എന്നാല്‍ 1100ഓളം രോഗികളാണ് നിലവിലുള്ള ആശുപത്രിയിലുള്ളത്. ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്സിജന്‍ ടാങ്കിലെ ഓക്സിജന്‍ തീര്‍ന്നിരുന്നു. തമിഴ്നാട്ടില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കറില്‍ നിന്ന് സംഭരണിയിലേക്ക് ഓക്സിജന്‍ കയറ്റുന്നതിനിടെയുണ്ടായ തടസ്സമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.