ഹൈദരാബാദില്‍ സ്വകാര്യ സ്‌കൂളില്‍ സഹപാഠികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനിടെയായിരുന്നു സംഭവം.സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ക്ലാസ് മുറിയിലെത്തി ഇരുവരെയും പിടിച്ചു മാറ്റിയെങ്കിലും ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചു. നിസ്സാര കാര്യത്തെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരണം ആകസ്മികമാണെന്നും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് മുന്‍പ് യാതൊരു തരത്തില്‍ ഈ കുട്ടികള്‍ പെരുമാറിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.