മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ പത്ത് മുന്‍ഗണനകള്‍ മുന്നോട്ടുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി, പത്തംഗ വിദഗ്ധ ഉപദേശകസമിതിയും രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ ശ്രീധരനടക്കം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉള്‍പ്പെട്ടതാവും സമിതി. മുന്‍കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും സമിതിയിലുണ്ടാവും.
ഇ ശ്രീധരനെ മോഡി മന്ത്രിസഭയിലെടുക്കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട്, മന്ത്രിസഭാ രൂപവത്കരണം പൂര്‍ത്തിയായതോടെ ഈ അഭ്യൂഹം അവസാനിച്ചു. ബുള്ളറ്റ് ട്രെയിനുകളടക്കം ഒട്ടേറെ സ്വപ്‌നപദ്ധതികള്‍ മോഡിയുടെ മനസ്സിലുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ ശ്രീധരന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മോഡിയുമായി അടുത്തു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവസരം ലഭിച്ചാല്‍ ആലോചിക്കുമെന്നും നേരത്തേ ശ്രീധരനും പ്രതികരിച്ചിരുന്നു.
വിദേശകാര്യം, ആഭ്യന്തരസുരക്ഷ, ധനകാര്യം, വിദ്യാഭ്യാസം-ശേഷി വികസനം, വിവര സാങ്കേതികത, കൃഷി, അടിസ്ഥാനസൗകര്യ വികസനം, ഊര്‍ജം, ജലം, ആരോഗ്യം എന്നീ മേഖലകളിലെ വികസനത്തിനാണ് മോഡി അടിയന്തരപ്രാധാന്യം നല്‍കുക. ഈ മേഖലകളുടെ വികസനത്തിനുള്ള രൂപരേഖയും മാര്‍ഗനിര്‍ദേശവും നല്‍കാനാവും പത്തംഗ ഉപദേശകസമിതി.