വിക്കി ലീക്സിന്റെ തുടരെത്തുടരെയുള്ള വെളിപ്പെടുത്തലുകളില്‍ ബി ജെ പി വിയര്‍ക്കുന്നു. വിക്കി രേഖകളുടെ പേരില്‍ കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത ബി ജെ പിക്ക് ഇപ്പോള്‍ പ്രതിരോധത്തില്‍ ഒതുങ്ങേണ്ട അവസ്ഥയാണ്. പുതുതായി പുറത്തുവന്ന വിക്കി വെളിപ്പെടുത്തലുകള്‍ മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അദ്ദേഹമിപ്പോള്‍.
2005- ല്‍ ജെയ്റ്റ്ലി യു എസ് നയതന്ത്രജ്ഞരുമായി നടത്തി എന്ന് പറയപ്പെടുന്ന ചില സ്വകാര്യസംഭാഷണങ്ങളാണ് ഇപ്പോള്‍ വിനായായിരിക്കുന്നത്. ബി ജെ പി നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ഹിന്ദുത്വവാദം പാര്‍ട്ടിയുടെ വെറും അവസരവാദം മാത്രമാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതായാണ് രേഖകളിലുള്ളത്. ഈ വാദം ബി ജെ പി എല്ലാ കാലത്തും ചര്‍ച്ചാ വിഷയമാക്കിയിരുന്നു. എന്നാല്‍ ഇത് കേവലം വോട്ടിനായി മാത്രമാണ് എന്നും ജെയ്റ്റ്ലി പറഞ്ഞു.
അമേരിക്കന്‍ എംബസിയുടെ ചുമതല കൈകാര്യം ചെയ്ത റോബര്‍ട്ട് ബ്ലേക്കിനോട് 2005 മെയ് ആറിനാണ് ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞതെന്ന് രേഖകളിലുണ്ട്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്‍ കെ അഡ്വാനി ബി ജെ പിയുടെ നേതൃസ്ഥാനം ഒഴിയുമെന്നും ജെയ്റ്റ്ലി അന്നു പറഞ്ഞു. പിന്നെ തന്നെപ്പോലുള്ള പുതുതലമുറ നേതാക്കളുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിസ യു എസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്വകാര്യ സംഭാഷണത്തില്‍ വന്നിരുന്നു. ഇന്ത്യ-യു എസ് ബന്ധം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒരു തര്‍ക്ക വിഷയമേ അല്ലെന്നും അദ്ദേഹം പറഞ്ഞതായി വിക്കി രേഖകളിലുണ്ട്.
എന്നാല്‍ തനിക്കെതിരായ വിക്കി വെളിപ്പെടുത്തലുകള്‍ ജെയ്റ്റ്ലി നിഷേധിച്ചു.
ഒരു ഇംഗ്ലിഷ് ദിനപ്പത്രമാണ് വിക്കി വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്.