‘ജാതി പഞ്ചായത്ത്’ ശിക്ഷ വിധിച്ചു; പെണ്‍കുട്ടിയുടെ മുടി മുറിച്ചു
ശനി, 30 മാര്‍ച്ച് 2013 (19:12 IST)
PRO
PRO
അമ്മാവനുമൊത്ത് ഒളിച്ചോടിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മുടി മുറിച്ച കേസില്‍ മധ്യപ്രദേശില്‍ 16 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെതുല്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചിക്കലാര്‍ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതുജനമധ്യത്തില്‍ വച്ച് പെണ്‍കുട്ടിയുടെ മുടി മുറിച്ച് കളഞ്ഞ ജാതി പഞ്ചായത്ത് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന് ആരോപിക്കുന്ന അമ്മാവനെയും ശിക്ഷിച്ചു.
ചെരുപ്പുമാല കഴുത്തില്‍ അണിയിച്ചും അരി അരയ്ക്കുന്ന കല്ല് നെഞ്ചില്‍ കെട്ടികൊടുത്തും നടത്തിച്ചായിരുന്നു അമ്മാവനുള്ള ശിക്ഷ. എന്നാല്‍ താന്‍ ഒളിച്ചോടിയിട്ടില്ലെന്നും പ്രദേശത്തെ മാര്‍ക്കറ്റില്‍ വച്ച് തന്നെ അമ്മാവന്‍ തട്ടികൊണ്ടുപോകുകയായിരുന്നുവെ ന്നും പെണ്‍കുട്ടി പറഞ്ഞെങ്കിലും അതാരും ചെവികൊണ്ടില്ല. ഇതിനിടെ കേസില്‍ 16 പേര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പോലീസ് മേധാവിയുടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധവുമായി ഗ്രാമവാസികളെത്തി.
പെണ്‍കുട്ടിയുടെ മുടിമുറിച്ചതിനെ ന്യായീകരിച്ച ഗ്രാമവാസികള്‍ ഇത്തരം കാര്യങ്ങള്‍ പാരമ്പര്യമായി നടക്കാറുള്ളതാണെന്നും പറഞ്ഞു. ജാതി പഞ്ചായത്തിന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പറഞ്ഞ പോലീസ് കേസില്‍ അന്വേഷണം തുടരുമെന്നും അറിയിച്ചു.