‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ബി ബി സി.
ബി ബി സിയുടെ ഡല്‍ഹി കറസ്‌പോണ്ടന്റ് സൌതിക് ബിശ്വാസ് ആണ് സര്‍ക്കാര്‍ നിരോധനത്തിന് എതിരെ ലേഖനം എഴുതിയിരിക്കുന്നത്. ഡോക്യുമെന്ററി വിവാദം ഇന്ത്യയിലെ മാധ്യമങ്ങള്‍ സൃഷ്‌ടിച്ചതാണെന്നും ലേഖനത്തില്‍ പറയുന്നു.
സിനിമ, പുസ്തകങ്ങള്‍, ബീഫ് തുടങ്ങി ഇന്ത്യ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക നീളുകയാണെന്ന് ലേഖനം പറയുന്നു. നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായം അത് പൊതു സമൂഹത്തില്‍ സമാധാനത്തിന് ഭംഗം ഉണ്ടാക്കുമെന്നാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ന്യൂസ് റൂമിലും മാത്രമാണ് സമാധാനത്തിന് ഭംഗമുണ്ടായിരിക്കുന്നതെന്ന് ലേഖനം പറയുന്നു. ന്യൂസ് ചാനലുകള്‍ തമ്മിലുള്ള മത്സരമാണ് നിരോധനത്തിന് ഇടയാക്കിയത്.
വിലക്കുണ്ടായിട്ടും ഡോക്യുമെന്റി സംപ്രേഷണം ചെയ്ത ബി ബി സിക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും എന്ത് നടപടി എന്ന് വ്യക്തമല്ലെന്നും ബി ബി സി പറയുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന തടവുകാരനെ അഭിമുഖം ചെയ്യുക എന്ന മിക്കവര്‍ക്കും അപ്രാപ്യമായ കാര്യം ചെയ്യാന്‍ ബി ബി സിക്ക് കഴിഞ്ഞതാണ് ഇന്ത്യയില്‍ പലരെയും ചൊടിപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനവും ലേഖനത്തിലുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രയത്നിക്കുന്ന ഇന്ത്യ, പ്രതിച്‌ഛായയെ ഭയന്നാണ് ഡോക്യുമെന്ററിയെ എതിര്‍ക്കുന്നതെന്നും ബി ബി സി ആരോപിക്കുന്നു.